കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: നിരോധിത ലഹരി മരുന്ന് പിടികൂടിയാല്‍ പരിശോധിച്ച് സമയബന്ധിതമായി റിപോര്‍ട്ട് നല്‍കാന്‍ വേണ്ടത്ര ലാബുകളില്ലാത്തതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഹൈക്കോടതി വിമര്‍ശിച്ചു. ലഹരി മരുന്നു കേസുകളുടെ അന്വേഷണവും വിചാരണയും വേണ്ടത്ര ലാബുകള്‍ ഇല്ലാത്തതിനാല്‍ വൈകുന്നത് ജുഡീഷ്യറിക്കാകെ നാണക്കേടാണെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ഒരു കിലോ ബ്രൗണ്‍ഷുഗറുമായി ജനുവരി 15ന് പിടിയിലായ റയീസ് മുഹമ്മദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. ആറു മാസത്തിലേറെയായി കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പോലിസ് എതിര്‍ത്തു. ഇയാളില്‍ നിന്ന് പിടികൂടിയ ലഹരി വസ്തു പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് കിട്ടിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് റിപോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച് ഹരജി ജൂണ്‍ 26ലേക്ക് മാറ്റി. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്ന് റിപോര്‍ട്ട് വേഗം ലഭ്യമാക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. മയക്കു മരുന്നു കേസുകളില്‍ പലപ്പോഴും പരിശോധനാ ഫലം വളരെ വൈകുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഹരജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സംസ്ഥാന ആഭ്യന്തര വകുപ്പിനെയും ഡിജിപി, എക്‌സൈസ് കമ്മീഷണര്‍ തുടങ്ങിയവരെയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. കേസ് ഇനി അടുത്ത മാസം 6ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it