Alappuzha local

കേന്ദ്ര സംഘം ജില്ലയെ അവഗണിച്ച സംഭവം : പ്രതിഷേധം ശക്തമാവുന്നു



ആലപ്പുഴ: വരള്‍ച്ചാ ദുരിതാശ്വാസം പഠിക്കാനെത്തിയ കേന്ദ്ര സംഘം ജില്ലയെ ഒഴിവാക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തില്‍ ജില്ലയെയും പ്രത്യേകിച്ചു കുട്ടനാടിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചു കുട്ടനാട് വികസന സമിതിയും രംഗത്തെത്തി. 25ന് കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തുമെന്ന് വികസനസമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ അറിയിച്ചു. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലെ വരള്‍ച്ച, ഉപ്പുവെള്ളം തുടങ്ങിയവ മൂലമുള്ള കൃഷിനാശം, വരള്‍ച്ച മൂലമുള്ള ജലമലിനീകരണം, മാലിന്യങ്ങള്‍ കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, കുടിവെള്ളക്ഷാമം തുടങ്ങിയവ പഠിക്കാന്‍ കേന്ദ്രസംഘത്തെ അയയ്ക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണു സമരം. ഉപ്പുവെള്ളം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം നെല്‍കര്‍ഷകര്‍ കനത്ത നഷ്ടമാണു നേരിടുന്നത്. ഇതു കേന്ദ്രസര്‍ക്കാരിന്റെ മുന്‍പില്‍ അവതരിപ്പിക്കാനുള്ള സുവര്‍ണാവസരമാണു നഷ്ടമായതെന്നും വികസനസമിതി ഭാരവാഹികള്‍ ആരോപിക്കുന്നു. വരള്‍ച്ച വിലയിരുത്താന്‍ കേന്ദ്ര സംഘം എത്താതിരുന്നതിനെതിരെ ജില്ലാ പഞ്ചായത്ത് നിലപാട് എടുക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രകടനമായിട്ടെത്തി കലക്ടറേറ്റിനു മുന്നില്‍ ധര്‍ണയും നടത്തി. കേന്ദ്ര സംഘം ജില്ലയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചു ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് അവതരിപ്പിച്ച അടിയന്തര പ്രമേയം ഐകകണ്‌ഠ്യേന അംഗീകരിക്കാന്‍ പ്രസിഡന്റ് ജി വേണുഗോപാല്‍ അനുമതി നല്‍കാതിരുന്നതാണു ബഹിഷ്‌കരണത്തിനും തുടര്‍ന്നുള്ള സമരത്തിനും കാരണമായത്. എന്നാല്‍ വരള്‍ച്ചയുടെ നഷ്ടം മനസ്സിലാക്കാനെത്തിയ കേന്ദ്രസംഘത്തിനു 14 ജില്ലയിലും പോകാന്‍ പറ്റില്ലല്ലോയെന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലിന്റെ പ്രതികരണം. സംഘം ജില്ലയില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ എന്തോ അസൗകര്യം കാരണം സന്ദര്‍ശനം മൂന്നോ നാലോ ജില്ലകളില്‍ മാത്രമായി ചുരുക്കി. ജില്ലയിലടക്കം സംസ്ഥാനത്തിന്റെ വരള്‍ച്ച റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ വന്‍ കൃഷിനാശമുണ്ടായിട്ടും കേന്ദ്ര സംഘം ജില്ല സന്ദര്‍ശിക്കാതിരുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it