കേന്ദ്ര ഉത്തരവ് ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

ന്യൂഡല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. 2016ല്‍ ബിജെപി സര്‍ക്കാരാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇരുപതിനായിരം മുതല്‍ ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വരെയുള്ള വന്‍കിട നിര്‍മാണങ്ങള്‍ക്കായിരുന്നു പാരിസ്ഥിതിക അനുമതിയില്‍ ഇളവ് നല്‍കിയിരുന്നത്. കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി ഹരിത കോടതി മുമ്പാകെ ലഭിച്ച ഹരജി പരിഗണിച്ചാണ് നടപടി. വിജ്ഞാപനം റദ്ദാക്കിയതോടെ ഇതു പ്രകാരം അനുമതി നേടിയ എല്ലാ വന്‍കിട നിര്‍മാണങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടിവരും. കൂടാതെ, ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കരസ്ഥമാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ഹരിത കോടതി റദ്ദാക്കി.
Next Story

RELATED STORIES

Share it