കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹിന്ദുമത പ്രാര്‍ഥന: കേന്ദ്രത്തോട് സുപ്രിംകോടതി വിശദീകരണം തേടി

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഹിന്ദുമത പ്രാര്‍ഥന: കേന്ദ്രത്തോട് സുപ്രിംകോടതി വിശദീകരണം തേടി
X
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഹിന്ദുമതത്തില്‍ അധിഷ്ഠിതമായ പ്രാര്‍ഥന പിന്തുടരാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി.  വ്യത്യസ്ത ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരായി കേന്ദ്രീയ വിദ്യാലത്തിലെ വിദ്യാര്‍ഥികള്‍ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ പ്രാര്‍ഥന പിന്തുടരാന്‍ നിര്‍ബന്ധിക്കുന്നു എന്ന പരാതിയിലാണു ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും നവീന്‍ സിന്‍ഹയും കേന്ദ്രസര്‍ക്കാരിനും കേന്ദ്രീയ വിദ്യാലയ മാനേജ്‌മെന്റിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.



കേന്ദ്രീയ വിദ്യാലയങ്ങളില്‍ അസംബ്ലി സമയത്തു കണ്ണടച്ചു കൈകൂപ്പി ഹിന്ദിയിലും സംസ്‌കൃതത്തിലും ഉള്ള പ്രാര്‍ഥനയ്‌ക്കെതിരേ മധ്യപ്രദേശില്‍ നിന്നുള്ള വിനായക് ഷാ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു നടപടി. പ്രാര്‍ഥന വിദ്യാര്‍ഥികളിലെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് തടസ്സം നില്‍ക്കുന്നതാണ്. മാത്രമല്ല, എല്ലാ കാര്യങ്ങളിലും മതത്തിനും ദൈവത്തിനും മറ്റെന്തിനെക്കാളും പ്രധാന്യം നല്‍കണം എന്ന പ്രതീതി ഉളവാക്കുന്നതാണ്. നിത്യജീവിതത്തില്‍ പ്രായോഗിക ബോധം വളരേണ്ടതിനു പകരം കുട്ടികളെ എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ അഭയാര്‍ഥികളായി മാറ്റുന്ന പ്രവണതയാണ് ഇതുമൂലം ഉണ്ടാവുന്നതെന്നും ഷാ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും മറ്റു സമുദായങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളും നിരീശ്വരവാദികളായവരും ഈ പ്രാര്‍ഥന പിന്തുടരാന്‍ നിര്‍ബന്ധിതരാവുന്നു. പൊതുവായ പ്രാര്‍ഥന മതവല്‍ക്കരിക്കുന്നത് ഭരണഘടനയുടെ 28ാം വകുപ്പ് അനുസരിച്ച് നിരോധിക്കേണ്ടതാണെന്നും ഹരജിയില്‍ പറയുന്നു. ഭരണഘടനയുടെ 28(1) വകുപ്പനുസരിച്ച് സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒരു നിര്‍ബന്ധങ്ങളും ഉണ്ടാവരുതെന്നാണ് അനുശാസിക്കുന്നത്.
നിലവില്‍ രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അസംബ്ലി സമയത്ത് ആലപിക്കുന്ന പ്രാര്‍ഥന ഹിന്ദു വിശ്വാസത്തില്‍ അധിഷ്ഠിതമായുള്ളതാണ്. മറ്റുള്ളവരുടെ ആചാരങ്ങളില്‍നിന്നു തീര്‍ത്തും ഇത് വിഭിന്നമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും മേല്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന ഈ പ്രാര്‍ഥന പിന്‍വലിക്കണമെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it