Flash News

കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ നിര്‍വീര്യമാക്കുന്നു: പ്രശാന്ത് ഭൂഷണ്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ നിര്‍വീര്യമാക്കാനാണ് ശ്രമിക്കുന്നതെന്നു പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. വെള്ളയമ്പലം അനിമേഷന്‍ ഹാളില്‍ വോട്ടേഴ്‌സ് അലയന്‍സ് 'പിണറായി സര്‍ക്കാരിന്റെ രണ്ടു വര്‍ഷം' എന്ന ബാനറില്‍ സംഘടിപ്പിച്ച സോഷ്യോ പൊളിറ്റിക്കല്‍ ഓഡിറ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും ജനങ്ങളുടെ മൗലികാവകാശം ഇല്ലാതാക്കുന്നത് തടയേണ്ടത് ജുഡീഷ്യറിയാണ്. എന്നാല്‍, ജുഡീഷ്യറിയെ വരുതിക്ക് നിര്‍ത്താനായി ചീഫ് ജസ്റ്റിസില്‍ അധികാരം കേന്ദ്രീകരിക്കുകയാണ്. ഏത് കേസ്, ആര്, എപ്പോള്‍ എടുക്കണമെന്നു തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസ് മാത്രമാവരുത്. നാലു ജഡ്ജിമാരുടെ ചെറുത്തുനില്‍പ്പ് ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, ലോക്പാല്‍ എന്നിവയിലൊന്നും അംഗങ്ങളെ തീരുമാനിക്കാതെ അവയെ ഇല്ലാതാക്കുകയാണ്. കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നില്ല. ഇപ്പോള്‍ ആവശ്യമുള്ളതിന്റെ പകുതി ന്യായാധിപന്‍മാരെയുള്ളൂ എന്ന് ലോ കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്. സിബിഐ അന്വേഷണം നേരിടുന്നയാളെ സര്‍ക്കാര്‍ സിബിഐയുടെ സ്‌പെഷ്യല്‍ ഡയറക്ടറാക്കി. തിരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷത നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരേ പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ ജനങ്ങളുടെ കൂട്ടായ്മകള്‍ രംഗത്തുവരണം. നിഴല്‍ മന്ത്രിസഭയുണ്ടാക്കി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന വോട്ടേഴ്‌സ് അലയന്‍സിന്റെ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ യുവാക്കള്‍ മുന്നോട്ടുവരണം. അവര്‍ക്കാണ് മാനസികവും ശാരീരികവുമായ കരുത്തും പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ളതെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. അഡ്വ. ആശ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it