kozhikode local

കേന്ദ്രനീക്കത്തിനെതിരേ കൂട്ടായ ജാഗ്രതവേണം: ഡോ. ഹേമലത

കോഴിക്കോട്: രാജ്യത്തെ തൊഴിലവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢനീക്കത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാരേന്നും ഇതിനെതിരെ സകലവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന പ്രതിരോധമാണ് കാലം ആവശ്യപ്പെടുന്നതെന്നും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ഹേമലത. സിഐടിയു ദേശീയ കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി സംഘടിപ്പിച്ച ജന്‍ ഏകതാ ജന്‍ പ്രതിരോധ് ജന്‍ അധികാര്‍  സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
44 കന്ദ്ര തൊഴില്‍ നിയമങ്ങളില്‍ എണ്ണത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ നിയമങ്ങളെയെല്ലാം ലേബര്‍ കോഡുകളാക്കി അവകാശങ്ങളെ കശാപ്പു ചെയ്യാനാണ് ഗവണ്‍മെന്റ് ഒരുങ്ങുന്നത്. ഇത്തരത്തില്‍ തന്നെ വേജ് ബോര്‍ഡിനേയും തകിടം മറിക്കാന്‍ അണിയറ നീക്കം നടക്കുകയാണ്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഇത്തരം ഒരു ശ്രമം ഉണ്ടായെങ്കിലും തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്തതിനെ തുടര്‍ന്ന് ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയുകയായിരുന്നു. ഇതേ ശ്രമങ്ങളാണ് മോദിസര്‍ക്കാറും നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്തുന്ന നാലു മേഖലകളെ തകര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.
മോദി ഗവണ്‍മെന്റ് രാജ്യത്തിന്റെ സ്വാഭാവിക വളര്‍ച്ചയെ തുരങ്കംവെക്കുന്ന നവ ഉദാരീകരണം, വര്‍ഗീയത, ഏകാധിപത്യപ്രവണത, അമേരിക്കയോടുള്ള അമിത വിധേയത്വം എന്നിവകൊണ്ട് ഇന്ത്യയുടെ തകര്‍ച്ചക്ക് വഴിയൊരുക്കുകയാണ്.
രണ്ടു കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ മോദിയുടെ ഭരണകാലത്ത് തൊഴിലവസരങ്ങള്‍ താഴേക്ക് കുതിക്കുകയാണ്. നിലവിലുള്ള തൊഴില്‍ അവസരങ്ങളില്‍ 46 ശതമാനവും കരാര്‍ വ്യവസ്ഥയിലുള്ളതാണ്. യാതൊരുവിധ തൊഴില്‍ സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
പ്രതിദിനം 200 രൂപയുടെ പൊക്കവട വില്‍ക്കുന്നവനും സുരക്ഷിത തൊഴിലാളിയാണെന്നാണ് മോദി പ്രഖ്യാപിച്ചത്. മിനിമം വേതനം 18,000 രൂപയായി നിശ്ചയിച്ച മോദി തന്നെയാണ് 200 രൂപസ്വരൂപീക്കുന്ന സാധാരണക്കാരനേയും തൊഴിലാളിയായി വ്യാഖ്യാനിച്ച് കണക്കുകള്‍ പെരുപ്പിക്കുന്നത്.
ഇത് സാധാരണക്കാരെ അപമാനിക്കലാണ്. സകലമേഖലയിലും ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യവല്‍ക്കരണം പൊടിപൊടിക്കുകയാണ്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതരത്തില്‍ സൈനിക ഉല്‍പന്നങ്ങളുടെ നിര്‍മാണംപോലും സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചു കഴിഞ്ഞു. സേനക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മിച്ചിരുന്ന 183 ഉല്‍പന്നങ്ങളില്‍ 143 എണ്ണവും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറി.
ഷൂസും തോക്കുകളുമുള്‍പ്പെടെയുള്ളവയുടെ നിര്‍മാണം സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നത് രാജ്യ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്നും, ഇതിനെതിരെ കൂട്ടായ ജാഗ്രതവേണമെന്നും ഡോ. ഹേമലത പറഞ്ഞു. മുതലക്കുളത്തു നടന്ന സെമിനാറില്‍ ജനാധാപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി അധ്യക്ഷയായിരുന്നു. അഖിലേന്ത്യാ കിസാന്‍സഭാ അധ്യക്ഷന്‍ അശോക് ധാവ്‌ളെ, എ വിജയരാഘവന്‍, പി എ മുഹമ്മദ് റിയാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it