Flash News

കേന്ദ്രത്തിനെതിരേ ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗം, സാമ്പത്തിക അജണ്ട അടിച്ചേല്‍പ്പിക്കുന്നു

തിരുവനന്തപുരം: ധനകാര്യ കമ്മീഷനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനങ്ങളുടെ സാമ്പത്തിക നയരൂപീകരണത്തില്‍ ഇടപെടാനുള്ള കേന്ദ്ര നീക്കത്തില്‍ ആശങ്ക പങ്കുവച്ച് ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗം. കമ്മീഷനെ മറയാക്കി സംസ്ഥാനങ്ങളില്‍ ഏകാധിപത്യവും സാമ്പത്തിക അജണ്ടയും അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് 15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താനായി തിരുവനന്തപുരത്തു ചേര്‍ന്ന യോഗം കുറ്റപ്പെടുത്തി. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ കേന്ദ്രം പുനപ്പരിശോധിക്കാന്‍ തയ്യാറാവാത്തതിനാല്‍ വിഷയത്തില്‍ രാഷ്ട്രപതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
തമിഴ്‌നാടും തെലങ്കാനയും ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ധനകാര്യ വിദഗ്ധരുമാണ് യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ചര്‍ച്ചകള്‍ക്കായി മെയ് ആദ്യവാരം വിശാഖപട്ടണത്ത് വീണ്ടും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് വിശദമായ പ്രമേയം തയ്യാറാക്കും. ഡല്‍ഹി, ബംഗാള്‍, പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങളെ കൂടി യോഗത്തില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം അവഗണന കാട്ടുകയാണെന്ന വികാരം യോഗത്തില്‍ സംസാരിച്ചവര്‍ പങ്കുവച്ചു. അവകാശ സംരക്ഷണത്തിനു വേണ്ടി കലാപത്തിനിറങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. സഹകരണ ഫെഡറലിസത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനാവുമ്പോഴും സംസ്ഥാനങ്ങള്‍ക്കുമേല്‍ ഏകാധിപത്യരീതി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനങ്ങളുടെ കഴുത്തറുക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായിട്ടില്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറല്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം സംബന്ധിച്ച ഏതൊരു ചര്‍ച്ചയും മുന്നോട്ടുകൊണ്ടുപോകാനാവൂ. സംസ്ഥാനങ്ങളുടെ സാമ്പത്തിക നിയന്ത്രണത്തിനുള്ള മാര്‍ഗരേഖകള്‍ നല്‍കുന്നതും ഓരോ സംസ്ഥാനത്തെയും ജനങ്ങള്‍ക്ക് ഗുണകരമായ നയം ഏതെന്ന് തീരുമാനിക്കുന്നതും ധനകാര്യ കമ്മീഷന്റെ കടമയല്ല. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. സംസ്ഥാന സര്‍ക്കാരുകളുടെ പ്രതീക്ഷകള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ എങ്ങനെ തിരിച്ചടിയാകുന്നുവെന്ന് കേന്ദ്രത്തെ ധരിപ്പിക്കാന്‍ യോഗം സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചരിത്രത്തില്‍ ഇതുവരെ നികുതിവിഹിതത്തിന് ഉപാധികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത്തരം നിബന്ധന കൊണ്ടുവരാനുള്ള പ്രതിലോമകരമായ ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.  ഇന്‍സെന്റീവുകള്‍ കൊടുക്കുന്നത് ധനകാര്യ കമ്മീഷന്റെ പണിയല്ല. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രപ്രദേശ് ധനമന്ത്രി ഏരമല രാമകൃഷ്ണുഡു, കര്‍ണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെ എന്നിവരും യോഗത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it