wayanad local

കെ-ടെറ്റ് : ന്യൂനപക്ഷവിരുദ്ധ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി



കല്‍പ്പറ്റ: അധ്യാപക യോഗ്യതാ നിര്‍ണയ കെ-ടെറ്റ് പരീക്ഷയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ന്യൂനപക്ഷങ്ങള്‍, അംഗപരിമിതര്‍, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് നേരത്തെ ഇറക്കിയ ഉത്തരവില്‍ മാര്‍ക്കിളവ് അനുവദിച്ചെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയിരുന്നില്ല. 2014 മുതല്‍ മുന്‍കാല പ്രാബല്യം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ മാസം 13ന് ഇറക്കിയ ഉത്തരവ് മൂവായിരത്തോളം അധ്യാപകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഗുണകരമാവും. വിദ്യാഭ്യാസ വകുപ്പിന്റെ സംവരണവിരുദ്ധ നീക്കത്തിനെതിരേയും അര്‍ഹതപ്പെട്ട ആനുകൂല്യം ഉറപ്പാക്കാനും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍, ഒബിസി, അംഗപരിമിതര്‍ എന്നിവര്‍ക്ക് പിഎസ്‌സി മുഖേന അധ്യാപക തസ്തികയിലേക്ക് ഇനിമുതല്‍ അപേക്ഷ നല്‍കാനാവും. എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരുടെ നിയമനം അംഗീകരിക്കപ്പെടും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദേശവും നിയമവകുപ്പിന്റെ അനുകൂല സമീപനവമുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പിന്നാക്ക-ന്യൂനപക്ഷവിരുദ്ധ നിലപാട് കാരണം ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലായിരുന്നു. പിന്നാക്ക-ന്യുനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ക്കിളവ് ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇതു ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞാണ് പുനപ്പരിശോധനയ്ക്ക് തയ്യാറായത്. പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ച്ച് 15ന് പുറത്തിറക്കിയ 18/2017 ഉത്തരവില്‍ ജനറല്‍ വിഭാഗങ്ങള്‍ക്ക് 150 മാര്‍ക്കിന്റെ 60 ശതമാനമായ 90 മാര്‍ക്കും ആനുകുല്യമുള്ള വിഭാഗങ്ങള്‍ക്ക് 55 ശതമാനമായ 82 മാര്‍ക്കും ലഭിച്ചാല്‍ വിജയിക്കുമെന്നു പറയുന്നു. ചോദ്യങ്ങള്‍ ഒഴിവാക്കപ്പെടുകയാണെങ്കില്‍ മാര്‍ക്കിളവ് എല്ലാവര്‍ക്കും ലഭിക്കും. മുന്‍കാല പ്രാബല്യം ഉണ്ടാവില്ലെന്നായിരുന്നു ആദ്യ ഉത്തരവ്. ഇതേറെ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഉത്തരവ് തെറ്റായി വ്യാഖ്യാനം നടത്തി അയോഗ്യരാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. നീതിനിഷേധത്തിനെതിരേ ഉദ്യോഗാര്‍ഥികളും അധ്യാപക സംഘടനകളും രംഗത്തുവരികയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിന്‍ബലത്തിലാണ് അധ്യാപകര്‍ക്ക് യോഗ്യതാ നിര്‍ണയ പരീക്ഷകള്‍ നടത്തുന്നത്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ഇതിനായി കൃത്യമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയുട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സി-ടെറ്റ് പരീക്ഷയും സംസ്ഥാന സര്‍ക്കാര്‍ കെ-ടെറ്റ് പരീക്ഷയുമാണ് നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അധ്യാപക യോഗ്യതാ നിര്‍ണയ സി-ടെറ്റ് പരീക്ഷയില്‍ 150 മാര്‍ക്കിന്റെ 60 ശതമാനമായ 90 മാര്‍ക്ക് ഉദ്യോഗാര്‍ഥി നേടിയാല്‍ വിജയിക്കും. സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കിളവിന്റെ അടിസ്ഥാനത്തില്‍ 150 മാര്‍ക്കിന്റെ 55 ശതമാനമായ 82 മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കാനാവും. സംസ്ഥാനത്ത് ഇതനുവദിച്ചിരുന്നില്ല. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിന് 2016 ഡിസംബര്‍ 21നു നല്‍കിയ 432/ബി/2015 നമ്പര്‍ കത്ത് ഏറെ നിര്‍ണായകമായിരുന്നു. എം മുഹമ്മദ് അഷ്‌റഫ്, എന്‍ യു അന്‍വര്‍ ഗൗസ്, ഷാഹിദ് റിജാസ്, ആദില്‍ തുടങ്ങിയവരായിരുന്നു കമ്മീഷനെ സമീപിച്ചത്. മാര്‍ക്കിളവും മുന്‍കാല പ്രാബല്യവും അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിയു സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ന്യുനപക്ഷ ക്ഷേമ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it