thrissur local

കെ കരുണാകരന്‍ സ്മാരക സ്പിന്നിങ് മില്‍ മൂലധനമില്ലാതെ ഇഴയുന്നു

സലീം  എരവത്തൂര്‍
മാള: നാടിനാകെ പ്രതീക്ഷ നല്‍കി വാണിജ്യാടിസ്ഥാനത്തി ല്‍ ഉല്‍പാദനം ആരംഭിച്ച പുത്തന്‍ചിറയിലെ കെ കരുണാകരന്‍ സ്മാരക സ്പിന്നിങ് മില്‍ പ്രവര്‍ത്തന മൂലധനമില്ലാതെ ഇഴയുന്നു. 23 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ നൂലുല്‍പ്പാദനം ആരംഭിച്ചത്. അത്യന്താധുനിക യന്ത്രസംവിധാനം ഉപയോഗിക്കുന്നതിനാല്‍ മികച്ച ഗുണനിലവാരമുള്ളതാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന നൂല്. അതിനാല്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന നൂലത്രയും വാങ്ങാന്‍ ആവശ്യക്കാരേറെയുണ്ട്. ഉല്‍പ്പാദനവിപണന മേഖലകള്‍ അനുകൂലമായിട്ടും പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ മില്ലിന് അവസരം മുതലാക്കാനാവുന്നില്ല.
രണ്ട് കോടിരൂപയെങ്കിലും പ്രവര്‍ത്തന മൂലധനം ഉടനെ ലഭിച്ചാല്‍ മില്ലിന്റെ ഉല്‍പ്പാദനം പൂര്‍ണതോതില്‍ ആക്കാനും പ്രതിമാസം 10 ലക്ഷം രൂപയെങ്കിലും ലാഭം കണ്ടെത്താനുമാവും. നൂല്‍ ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്‌കൃത കോട്ടന്‍ വാങ്ങുന്നതിനാണ് പ്രവര്‍ത്തന മൂലധനം പ്രധാനമായും ഉപയോഗിക്കുന്നത്. മില്ലിന് ഇപ്പോള്‍ 23 ലക്ഷം രുപ മാത്രമാണ് പ്രവര്‍ത്തന മൂലധനമായുള്ളത്. ഇതുപയോഗിച്ച് 15 ദിവസത്തേക്കുള്ള കോട്ടന്‍ മാത്രമേ വാങ്ങാന്‍ സാധിക്കു.
ഇങ്ങിനെ വാങ്ങിയ കോട്ടന്‍ ഉപയോഗിച്ച് നൂലുണ്ടാക്കി അത് വിറ്റ് പണം കിട്ടിയിട്ടുവേണം വീണ്ടും കോട്ടന്‍ വാങ്ങുവാന്‍. ഇതുമൂലം ഉല്‍പാദനക്ഷമത കുറയുകയും വിപണിയിലെ ലാഭസാധ്യത മുതലെടുക്കാനും പറ്റാതാവുന്നുണ്ട്. 16000 സ്പിന്റിലുകള്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ടെങ്കിലും മൂന്ന് ‘റിങ് ഫ്രെയിം’ മെഷിനുകളിലായി 5472 സ്പിന്റിലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു മെഷിന് മാത്രമാണ് ഉല്‍പാദിപ്പിക്കുന്ന നൂല് യാന്ത്രികമായി കോ ണ്‍’രൂപത്തില്‍ ചുറ്റുന്നതിനുള്ള ‘ലിങ്ക് കോണര്‍’സംവിധാനം ഘടിപ്പിച്ചിട്ടുള്ളു. രണ്ടാമത്തേത് കഴിഞ്ഞദിവസം മില്ലില്‍ എത്തിയിട്ടുണ്ട്. പണമില്ലാത്തതിനാല്‍ മൂന്നാമത്തെ മെഷിനിലേക്കുള്ള ‘ലിങ്ക് കോണര്‍’ വാങ്ങാനായിട്ടില്ല. ഒരു ലിങ്ക്‌കോണര്‍ യന്ത്ര സംവിധാനത്തിന് 90 ലക്ഷം രൂപ വേണ്ടിവരും. സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം 58.60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ യന്ത്രം വാങ്ങുന്നതിന് ഈ തുക മതിയാകുകയുമില്ല.
എല്ലാ സ്പിന്റിലുകളും മുടങ്ങാതെ പ്രവര്‍ത്തിക്കണമെങ്കില്‍ പ്രതിമാസം 50000 കിലോഗ്രാം കോട്ടനെങ്കിലും അസംസ്‌കൃവസ്തുവായി വേണ്ടിവരും. എന്നാല്‍ ഇന്നത്തെ വിപണിവിലയില്‍ 16000 കിലോഗ്രാം കോട്ടന്‍ വാങ്ങുവാനുള്ള പ്രവര്‍ത്തന മൂലധനം മാത്രമാണുള്ളത്. പ്രശ്‌നപരിഹാരത്തിനായി വ്യവസായ മന്ത്രിയെ സമീപിച്ചിട്ടുള്ളതായി മില്‍ ചെയര്‍മാനായ മുന്‍ എം എല്‍ എ ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. കൂടാതെ ധനകാര്യസ്ഥാപനങ്ങളേയും സമീപിക്കുന്നുണ്ട്. ലാഭത്തിലായിട്ടുപോലും ധനകാര്യസ്ഥാപനങ്ങള്‍ വായ്പ അനുവദിക്കുവാന്‍ മടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉല്‍പ്പാദനം ആരംഭിച്ച് മുന്ന് മാസം പിന്നിട്ടപ്പോഴേക്കും ലാഭത്തില്‍ പ്രവേശിച്ചുവെന്ന അപൂര്‍വതയും മില്ലിനുണ്ട്. മുന്ന് ഷിഫ്റ്റുകളിലായി 32 പേരാണ് ജീവനക്കാരായുള്ളത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച മില്ലിന്റെ നിര്‍മാണ പ്രവര്‍ത്തനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തീകരിക്കാനായത്. യു ഡി എഫ് സര്‍ക്കാര്‍ 18.25 കോടിരൂപ അനുവദിച്ചിരുന്നു. മെഷിനറിയും സ്ഥലവുമടക്കം 40 കോടിയിലധികം ആസ്തിയുണ്ട് മില്ലിന്. 23 വര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് യുവാക്കളില്‍ നിന്ന് 25000 രൂപ വീതം വാങ്ങി രണ്ട് പതിറ്റാണ്ടിലേറെ നിര്‍ജ്ജീവാവസ്ഥയിലായ കമ്പനി ആവശ്യമായ പ്രവര്‍ത്തന മൂലധനം ലഭിച്ചില്ലെങ്കില്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുമോയെന്നാണ് ഉയരുന്ന ആശങ്ക.
Next Story

RELATED STORIES

Share it