ernakulam local

കെ എം ദിനകരനെ ഒഴിവാക്കിയത് സിപിഐയില്‍ വിഭാഗീയത ശക്തമാക്കും

പറവൂര്‍: സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്നും കെ എം ദിനകരനെ ജില്ലാസെക്രട്ടറി പി രാജുവിന്റെ നേതൃത്വത്തില്‍ ഒഴിവാക്കിയതോടെ ജില്ലയില്‍ സിപി ഐയില്‍ വിഭാഗീയത ശക്തമാവുന്നു. പതിനേഴു വര്‍ഷത്തോളമായി സംസ്ഥാന കൗണ്‍സിലില്‍ തുടരുന്ന ദിനകരനെ മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ വോട്ടെടുപ്പിലൂടെ ആസൂത്രിതമായി പുറത്താക്കുകയായിരുന്നു.
എഐഎസ്എഫിന്റെ മാഞ്ഞാലി യൂനിറ്റ് പ്രസിഡന്റായി പൊതുരംഗത്തുവന്ന ദിനകരന്‍ ഒരു മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. എഐവൈഎഫിന്റെ പറവൂര്‍ താലൂക്ക് സെക്രട്ടറിയായി എട്ട് വര്‍ഷവും ജില്ലാപ്രസിഡന്റായി ആറുവര്‍ഷവും പ്രവര്‍ത്തിച്ചു. നാഷണല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. പിന്നീട് സിപിഐ യുടെ പറവൂര്‍ താലൂക്ക് സെക്രട്ടറിയായി.
രണ്ടായിരത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവിലെത്തി. അടുത്തവര്‍ഷം സംസ്ഥാന കൗണ്‍സില്‍ അംഗമായി. മൂന്നു വട്ടമായി സിപിഐ ജില്ലാ അസി. സെക്രട്ടറിയാണ്. ഇതിനു പുറമെ കിസാന്‍സഭ ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി ഡി സതീശനെതിരേ പറവൂരില്‍  ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത  ചെത്തുതൊഴിലാളി കുടുംബത്തില്‍ നിന്നും എത്തി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഗോഡ് ഫാദര്‍മാരാരുമില്ലാതെ നിരന്തര പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് ദിനകരന്‍ പാര്‍ട്ടിയുടെ പടവുകള്‍ കയറിയതെന്ന് സാധാരണ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദിനകരന്റെ തോല്‍വിയില്‍ പ്രചാരണ ചുമതല വഹിച്ചിരുന്ന മുന്‍ എംഎല്‍എ കൂടിയായ പി രാജുവിന് പങ്കുണ്ടെന്ന് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരുവര്‍ഷത്തോളം രാജുവിനെ പാര്‍ട്ടിയില്‍നിന്നും മാറ്റിനിര്‍ത്തിയിരുന്നു. ജനയുഗം കൊച്ചി എഡിഷന്റെ മാനേജരായിരിക്കേ ആക്ഷേപങ്ങളെ തുടര്‍ന്ന് രാജുവിനെ ഒഴിവാക്കിയിരുന്നു. കുറച്ചുകാലം നിശ്ശബ്ദനായിരുന്ന രാജു പതിയെ സജീവമാവുകയും 2015ല്‍ പറവൂരില്‍ നടന്ന ജില്ലാസമ്മേളനത്തില്‍ തന്ത്രപരമായി പാര്‍ട്ടി തീരുമാനത്തിനെതിരേ മത്സരിച്ചു സെക്രട്ടറിയാവുകയായിരുന്നു. ദിനകരന്റെ പിന്തുണയോടെയായിരുന്നു വിജയിച്ചത്.
എന്നാല്‍ വിജയത്തിന് ശേഷം നാളെ ഭീഷണിയാവാതിരിക്കാന്‍ ദിനകരനെ ഒതുക്കാനുള്ള ശ്രമത്തിലായിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ വരെ തയ്യാറാക്കിയാണ് രാജു ചെന്നത്. ജില്ലാ സമ്മേളനത്തില്‍ ജില്ലാ കൗണ്‍സിലിലേക്ക്് 51 പേരെ തിരഞ്ഞെടുക്കാന്‍ നടന്ന വോട്ടെടുപ്പില്‍ നാല്‍പത്തിയെട്ടാം സ്ഥാനമാണ് രാജുവിന് ലഭിച്ചത്. 49 നിക്‌സണ്‍, 51 കെ എന്‍ സുഗതന്‍ എന്നിങ്ങനെയായിരുന്നു മറ്റുള്ളവര്‍. ജില്ലയില്‍ നിന്നും അഞ്ചുപേരെ സംസ്ഥാന കൗണ്‍സിലിലേക്ക് നിശ്ചയിച്ചപ്പോള്‍ ഇവര്‍ മൂന്നുപേരും ആദ്യമേ കടന്നുകൂടി. ഇസ്മായില്‍ ഗ്രൂപ്പുകാരനായ രാജുവിന്റെ പ്രവര്‍ത്തികള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നും പോരാടാനുള്ള ഒരുക്കത്തിലാണ് ദിനകരനും കൂട്ടരും എന്നറിയുന്നു.
ദിനകരനോടുള്ള ജില്ലാ സെക്രട്ടറിയുടെ നിലപാടില്‍ സാധാരണ പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്. എന്നാല്‍ വിഭാഗീയതയെ കുറിച്ച് ചോദിച്ചപ്പോള്‍ പൊതുരംഗത്തു ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നും പാര്‍ട്ടി തീരുമാനിക്കുന്ന ഘടകമേതായാലും അവിടെ മുന്‍പെന്നത്തേയും പോലെ പ്രവര്‍ത്തിക്കുമെന്നാണ് ദിനകരന്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it