Flash News

കെ എം ജോസഫിന്റെ നിയമനത്തില്‍ കൊളീജിയം തീരുമാനംശുപാര്‍ശ തിരിച്ചയക്കും

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്തണമെന്ന ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാരിന് അയക്കാന്‍ ഇന്നലെ ചേര്‍ന്ന സുപ്രിംകോടതി കൊളീജിയം യോഗത്തില്‍ ധാരണയായി. ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് പ്രത്യേകം അയക്കുന്നതിന് പകരം മറ്റു ഹൈക്കോടതികളില്‍ നിന്ന് സുപ്രിംകോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടേണ്ട ജഡ്ജിമാരുടെ പേരുകള്‍ക്കൊപ്പം അയക്കാനാണ്  ആലോചന. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുന്നതിന് ഈ മാസം 16ന് വൈകുന്നേരം 4.15ന് കൊളീജിയം വീണ്ടും യോഗം ചേരും.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കൂറോളമാണ് യോഗം ചേര്‍ന്നത്. ജസ്റ്റിസ് കെ എം ജോസഫിനു പുറമെ കൊല്‍ക്കത്ത, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്രപ്രദേശ് ഹൈക്കോടതികളിലെ ജഡ്ജിമാരുടെ പേരുകള്‍ കൂടി ശുപാര്‍ശ ചെയ്യാനാണ് ഇന്നലെ തീരുമാനമായത്. ഇന്നലെ കൊളീജിയം ചേരാനുള്ള തീരുമാനം വ്യാഴാഴ്ച വൈകുന്നേരമാണ് എടുത്തത്. ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്യുന്നതിനായി അടിയന്തര യോഗം ചേരണമെന്ന് കൊളീജിയത്തിലെ മൂന്നംഗങ്ങള്‍ നേരിട്ടും സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ജെ ചെലമേശ്വര്‍ കത്ത് മുഖേനയും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മെയ് രണ്ടിന് യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു.
മറ്റു ഹൈക്കോടതി ജഡ്ജിമാരുടെ പേരിനൊപ്പമാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് ഇനി ശുപാര്‍ശ ചെയ്യുന്നതെങ്കില്‍ അത് പുതിയ ശുപാര്‍ശയായി പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. പുതിയ ശുപാര്‍ശ എന്ന കാരണം ചൂണ്ടിക്കാട്ടി വീണ്ടും പേര് പുനപ്പരിശോധനയ്ക്കായി തിരിച്ചയക്കാനും കേന്ദ്രത്തിന് ഇതിലൂടെ കഴിയും. എന്നാല്‍, പേര് പ്രത്യേകമായി ശുപാര്‍ശ ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന് കീഴ്‌വഴക്കമനുസരിച്ച് പരിഗണിക്കാതിരിക്കാനാവില്ല. ഇത് ഉള്‍പ്പെടെയുള്ള വിവിധ വശങ്ങള്‍ ബുധനാഴ്ച ചേരുന്ന കൊളീജിയം യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ എം ജോസഫിന്റെ പേര് പ്രത്യേക ശുപാര്‍ശയായി അയക്കണോ എന്ന കാര്യത്തില്‍ ഈ യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടാവുക.
ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 26നാണ് കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തിന് തിരിച്ചയച്ചത്. അദ്ദേഹത്തെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നത് സീനിയോറിറ്റി മറികടക്കുന്നതും സംസ്ഥാന പ്രാതിനിധ്യം സംബന്ധിച്ച പതിവ് തെറ്റിക്കുന്നതുമാണെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. എന്നാല്‍, നിയമമന്ത്രിയുടെ വാദങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ശുപാര്‍ശ വീണ്ടും അയക്കണമെന്നുമാണ് ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ജനുവരി 10നാണ് ജസ്റ്റിസ് കെ എം ജോസഫിനെയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയെയും സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ പേര് അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു തിരിച്ചയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it