കെ ആര്‍ അരവിന്ദാക്ഷന്‍: വ്യത്യസ്തനായ നേതാവ്

അഡ്വ. ജി സുഗുണന്‍

സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ സപ്തംബര്‍ 27നാണ് അദ്ദേഹം അന്തരിച്ചത്. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ തന്നെ പൊതുരംഗത്ത് സജീവമായി നിലകൊണ്ട രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഇടതു വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃത്വത്തില്‍ ഇരുന്നുകൊണ്ട് കേരളത്തിലെ എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്ത് നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം വളരെ കാലം കോട്ടയം ജില്ലയിലെ സിപിഎം നേതൃത്വത്തില്‍ അദ്ദേഹം ഉണ്ടായിരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ഈ ജില്ലയില്‍ സിപിഎം, ട്രേഡ് യൂനിയന്‍ അടക്കമുള്ള ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ കാര്യമായ ഒരു പങ്ക് അദ്ദേഹം വഹിച്ചിട്ടുമുണ്ട്. കോട്ടയത്തെ സിപിഎം വേദികളിലും ട്രേഡ് യൂനിയന്‍ രംഗത്തും ഏറ്റവും സജീവമായിത്തന്നെ അരവിന്ദാക്ഷന്‍ ഉണ്ടായിരുന്നു.
എം വി രാഘവന്റെ നേതൃത്വത്തില്‍ സിഎംപി രൂപീകൃതമായതിനെ തുടര്‍ന്ന് അരവിന്ദാക്ഷന്‍ ആ പാര്‍ട്ടിയുടെ നേതൃത്വനിരയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കോട്ടയം ജില്ലാ സെക്രട്ടറി, പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പാര്‍ട്ടി സംഘടനയില്‍ രണ്ടാം നിരയില്‍ ശക്തമായി നിലകൊണ്ടിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ്. സിഎംപി ഇടതുചേരിയില്‍ നിലകൊള്ളണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വ്യക്തമായ അഭിപ്രായം ഉന്നയിച്ച ആളായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം പേരെയും ഈ അഭിപ്രായത്തിനു പിന്നില്‍ അണിനിരത്താന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തു.
സിഎംപി നേതാക്കളായിരുന്ന സി കെ ചക്രപാണി, മൂസാന്‍കുട്ടി, ചാത്തുണ്ണി മാസ്റ്റര്‍ എന്നിവരോടൊപ്പവും പാട്യം രാജന്‍, എം കെ കണ്ണന്‍, സി പി ജോണ്‍ എന്നിവരോടൊപ്പവും പ്രവര്‍ത്തിച്ചു. സിഎംപിയെ ശക്തിപ്പെടുത്തുന്നതില്‍ വളരെ ത്യാഗപൂര്‍വമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. നൂറുകണക്കിനു ത്യാഗപൂര്‍വമായ ബഹുജന സമരങ്ങള്‍ക്കാണ് അരവിന്ദാക്ഷന്‍ നേതൃത്വം നല്‍കിയിട്ടുള്ളത്.
സിഎംപി നേതാവ് എം വി രാഘവന്റെ മരണത്തെ തുടര്‍ന്ന് കെ ആര്‍ അരവിന്ദാക്ഷന്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എംവിആര്‍ കാട്ടിത്തന്ന വഴിയിലൂടെ പാര്‍ട്ടിയെ സ്വന്തം ജീവന്‍ വെടിയുന്നതുവരെ അദ്ദേഹം ധീരമായി നയിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇടതുചേരിയില്‍ നിന്നുകൊണ്ട് ഗൗരവമായ ബഹുജന പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സഹകരണരംഗത്തെ മികച്ച സംഘാടകനായിരുന്നു അദ്ദേഹം. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, നാഷനല്‍ കോ-ഓപറേറ്റീവ് ഫെഡറേഷന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ വിലപ്പെട്ട സേവനങ്ങളാണ് കേരളത്തിലും രാജ്യത്തും സഹകരണ മേഖലയില്‍ അരവിന്ദാക്ഷന്‍ കാഴ്ചവച്ചിട്ടുള്ളത്.
എന്നും അദ്ദേഹം കറകളഞ്ഞ മനുഷ്യസ്‌നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെയും സഹായം അഭ്യര്‍ഥിച്ച് സമീപിക്കുന്ന സാധാരണക്കാരായ ജനങ്ങളെയും അകമഴിഞ്ഞു സഹായിക്കുന്നതില്‍ മുന്‍പന്തിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. രാഷ്ട്രീയ പരിഗണനയൊന്നും ഇക്കാര്യത്തില്‍ അദ്ദേഹം നോക്കിയിരുന്നില്ല. തന്നോട് സഹായം അഭ്യര്‍ഥിച്ച് എത്തുന്ന രാഷ്ട്രീയ ശത്രുക്കളെ പോലും സഹായിക്കാന്‍ ഒരു വിമുഖതയും അരവിന്ദാക്ഷന്‍ കാട്ടിയിരുന്നില്ല.
ഇനിയും വളരെ കാലം ധീരമായി പാര്‍ട്ടിയെ നയിക്കാന്‍ കഴിയേണ്ടിയിരുന്ന സമയത്താണ് അരവിന്ദാക്ഷന്‍ ലോകത്തു നിന്നു യാത്രയാകുന്നത്. ജീവന്‍ വെടിയുന്നതുവരെ അദ്ദേഹം പാര്‍ട്ടിരംഗത്തും പൊതുരംഗത്തും സജീവമായി നിലകൊണ്ടിരുന്നു. കണ്ണൂരില്‍ സിഎംപി പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുന്നത്. നിര്‍ഭാഗ്യവശാല്‍ രോഗം മൂര്‍ച്ഛിച്ച് അന്നുതന്നെ അദ്ദേഹം നമ്മെ വിട്ടുപിരിയുകയും ചെയ്തു.
സംസ്ഥാനത്തൊട്ടാകെ ഏറ്റവും വിപുലമായ സുഹൃദ്ബന്ധം അരവിന്ദാക്ഷന് ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിനുപരിയായി ആയിരങ്ങള്‍ക്ക് അദ്ദേഹം നല്ല സുഹൃത്തായിരുന്നു. രാഷ്ട്രീയരംഗത്ത് ശക്തമായ നിലപാടുകള്‍ കൈക്കൊള്ളാനും അത് നടപ്പാക്കാനും അദ്ദേഹം എക്കാലവും ശ്രദ്ധിച്ചിരുന്നു. ഈ സ്വഭാവവിശേഷങ്ങള്‍ തന്നെയാണ് കെ ആര്‍ അരവിന്ദാക്ഷനെ മറ്റ് നേതാക്കളില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തില്‍ എന്തുകൊണ്ടും വ്യത്യസ്തനായൊരു രാഷ്ട്രീയ നേതാവ് തന്നെയായിരുന്നു അരവിന്ദാക്ഷന്‍ എന്നു പറയാനും കഴിയും. ി

(ലേഖകന്‍ സിഎംപി കേന്ദ്ര
സെക്രട്ടേറിയറ്റ് അംഗമാണ്.)
Next Story

RELATED STORIES

Share it