kannur local

കൊലയാളി ആനയെ തളയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍



ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലും വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി അക്രമങ്ങള്‍  നടത്തുകയും, നാലോളം പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത കുട്ടിക്കൊമ്പന്‍ കാട്ടാനയെ പിടികൂടാനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. മയക്കുവെടിവച്ച് തളച്ച ശേഷം പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുന്നതിനായി പരിശീലനം സിദ്ധിച്ച കുങ്കിയാനകളെ ഫാമിലെത്തിച്ചു. വയനാട്ടിലെ മുത്തങ്ങയില്‍ നിന്നാണ് രണ്ടാനകളെ ഇവിടെ എത്തിച്ചത്. കര്‍ണാടകത്തില്‍നിന്ന് ഒരാന ഇന്നോ നാളെയോ ഫാമിലെത്തും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാലോളം പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുനരധിവാസ മേഖലയിലും കൃഷിയിടത്തിലും ഇറങ്ങുന്ന കാട്ടാനകള്‍ ആദിവാസി കുടിലുകളും മറ്റും തകര്‍ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ഫാമിലെ കൈതച്ചക്ക കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന തോട്ടം വാച്ചറായ റെജി അബ്രഹാമിനെ ചവിട്ടിക്കൊന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജനങ്ങളും ആദിവാസികളും  പ്രതിഷേധവുമായി രംഗത്തെത്താറുണ്ടെങ്കിലും പ്രശ്‌നപരിഹാരം മാത്രം ഉണ്ടാവാറില്ല. ആനകളെ ഇവിടെ നിന്ന് തുരത്തി കാട്ടിലേക്ക് തിരിച്ചുവിട്ടെങ്കിലും  മണിക്കൂറുകള്‍ക്കകം വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചുവന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടവും വനം വകുപ്പ് അധികൃതരും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, ആദിവാസി സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ആക്രമണകാരിയായ കാട്ടാനയെ മയക്കുവെടിവച്ചു പിടിച്ച് കൂട്ടിലടച്ച ശേഷം ഉള്‍വനത്തില്‍ കൊണ്ടുപോയി വിടാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഫാമിലെ വന്യജീവി സങ്കേതം ഓഫിസിനോട് ചേര്‍ന്ന് വയനാട്ടില്‍ നിന്നെത്തിച്ച യൂക്കാലി മരങ്ങള്‍ കൊണ്ട് ആനയെ തളക്കാനുള്ള കൂട് ഒരുക്കിക്കഴിഞ്ഞു. ആനയെ മയക്കുവെടിവച്ച് പിടിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. ഇതിനു ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് നീങ്ങുക.
Next Story

RELATED STORIES

Share it