കെപിസിസി പുനസ്സംഘടനഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി പുതിയ നേതൃത്വം. പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ 27ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയോഗം അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ഇക്കാര്യത്തില്‍ ധാരണയിലെത്തിയശേഷമാവും ഗ്രൂപ്പുകളുടേതടക്കമുള്ള ശുപാര്‍ശകള്‍ നേതൃത്വം പരിഗണിക്കുക. 10 വര്‍ഷം പൂര്‍ത്തിയായവരെ ഒഴിവാക്കണമെന്നാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നേതൃത്വം ഇതു പാലിക്കാന്‍ തയ്യാറായാല്‍ നിലവിലുള്ള 10 പേരില്‍ ആറുപേരെ ഒഴിവാക്കേണ്ടിവരും. കെപിസിസിക്കിനി വൈസ് പ്രസിഡന്റുമാരുണ്ടാവില്ലെന്ന് ഉറപ്പായതോടെ നിലവിലുള്ള നാല് വൈസ് പ്രസിഡന്റുമാരെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് ആദ്യ കടമ്പ. വി ഡി സതീശന് വരാനിരിക്കുന്ന ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്‌ക്രീനിങ് കമ്മിറ്റിയുടെ ചുമതലയുണ്ട്.
ശേഷിക്കുന്ന ലാലി വിന്‍സെന്റും എ കെ മണിയും ഭാരതിപുരം ശശിയും 10 വര്‍ഷം തികച്ചവരല്ല. ഇവരെ ഒഴിവാക്കാനും നേതൃത്വത്തിന് പരിമിതിയുണ്ട്. നിലവിലെ 19 ജനറല്‍ സെക്രട്ടറിമാരും ആറുവര്‍ഷം കഴിഞ്ഞതേയുള്ളു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചിട്ടുള്ള പട്ടികയില്‍ 11 പേര്‍ ഐ വിഭാഗവും ഏഴുപേര്‍ എ വിഭാഗക്കാരുമാണ്. സെക്രട്ടറിമാരിലും 10 വര്‍ഷം കഴിഞ്ഞത് ആറ് പേര്‍ മാത്രമാണ്. പി ടി അജയമോഹന്‍, കെ പി അബ്ദുള്‍ മജീദ്, ജെയിസണ്‍ ജോസഫ്, മാന്നാല്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുള്‍ ഗഫൂര്‍ ഹാജി, കെ കെ വിജയലക്ഷ്മി എന്നിവരാണ് 10 വര്‍ഷം കഴിഞ്ഞ സെക്രട്ടിമാര്‍. അതുകൊണ്ടുതന്നെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആളെ ഒഴിവാക്കുന്നതിനും പുതിയ നേതൃത്വത്തിന് കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരേണ്ടിവരും. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ വന്നപ്പോള്‍ സ്ഥാനം ഒഴിഞ്ഞവര്‍ക്ക് കെപിസിസി സെക്രട്ടറിസ്ഥാനം നല്‍കുക, യുവജന, വനിത, ദലിത് പ്രാതിനിധ്യം ഉറപ്പാക്കുക എന്നതും നേതൃത്വത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്. ഗ്രൂപ്പടിസ്ഥാനത്തില്‍ ഒരാളെയും നിയമിക്കരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ കാര്യങ്ങള്‍ മുല്ലപ്പള്ളിക്ക് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, യുഡിഎഫ് ഏകോപനസമിതി യോഗം വരുന്ന 27ന് വൈകീട്ട് മൂന്നിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it