Flash News

കെപിസിസി നേതൃയോഗത്തിന് ക്ഷണിച്ചില്ല; പരസ്യ വിമര്‍ശനവുമായി സുധീരനും കെ മുരളീധരനും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് മാണി കോണ്‍ഗ്രസ്സിന് വിട്ടുനല്‍കിയതിനെ ചൊല്ലി പാര്‍ട്ടിയില്‍ ചേരിപ്പേര് തുടരുന്നതിനിടെ പുതിയ വിവാദം. വി എം സുധീരന്‍, കെ മുരളീധരനടക്കമുള്ള മുന്‍ അധ്യക്ഷന്‍മാരെ കെപിസിസി നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തതാണു പോരിനു കാരണം.
രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിനെ വിമര്‍ശിച്ചതിനാലാണോ തന്നെ ഒഴിവാക്കിയതെന്നായിരുന്നു വി എം സുധീരന്റെ ചോദ്യം. നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെ രൂക്ഷ പ്രതികരണവുമായി കെ മുരളീധരനുമെത്തി. കെപിസിസി നേതൃയോഗത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരെ ക്ഷണിക്കുന്നതാണ് കീഴ്വഴക്കമെന്നും യോഗത്തിനു പോവാന്‍ തയ്യാറെടുത്തിരുന്നതായും മുരളീധരന്‍ പറഞ്ഞു. വിളിക്കാതിരുന്ന നടപടി ദൗര്‍ഭാഗ്യകരമായിപ്പോയി. മുന്‍ പ്രസിഡന്റുമാര്‍ ഏതു വേദിയില്‍ അഭിപ്രായം പറയും. നേതൃത്വം ചെയ്തതു തെറ്റാണെന്നും തങ്ങള്‍ അധികപ്പറ്റാണോയെന്നും കെ മുരളീധരന്‍ ചോദിച്ചു.
പാര്‍ട്ടിയിലെ പടലപ്പിണക്കം ഒഴിവാക്കാന്‍ കൂടുതലൊന്നും പറയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലം മാത്രമേ ശ്രദ്ധിക്കൂ. തീരുമാനം ഹൈക്കമാന്‍ഡിനെ എഴുതി അറിയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, മുന്‍ അധ്യക്ഷന്‍മാരെ വിളിക്കാത്തതില്‍ നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ജോണ്‍സണ്‍ എബ്രഹാം, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരാണു വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍, വിളിക്കാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പ്രതികരിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തിലുണ്ടായത്. സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപ്പിള്ള, സി വി പത്മരാജന്‍, കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍, നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരെയും ക്ഷണിക്കാതിരുന്നതെന്നാണു സൂചന.
ഉമ്മന്‍ചാണ്ടിക്കെതിരേ സുധീരന്‍ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ അവഗണിച്ച് അപ്രസക്തമാക്കാനും പരിപാടികളില്‍ നിന്ന് ഒഴിവാക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. അതേസമയം, നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണു ചേരുന്നതെന്നും കെപിസിസി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്റുമാരെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും മാത്രമാണു വിളിച്ചിട്ടുള്ളതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
Next Story

RELATED STORIES

Share it