kozhikode local

കെട്ടിട ലൈസന്‍സ്: സോഫ്റ്റ്‌വെയര്‍ നടപ്പാക്കുമെന്ന് മന്ത്രി

കോഴിക്കോട്: കെട്ടിട ലൈസന്‍സ് ലഭ്യത എളുപ്പമാക്കാന്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ നടപ്പാക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി കെ ടി ജലീല്‍.  ഇതിന്റെ ട്രയല്‍ റണിനായി കോഴിക്കോടിനെയാണ് തിരഞ്ഞെടുത്തത്. മാര്‍ച്ച് ഒന്ന് മുതല്‍ ഇത് സമ്പൂര്‍ണമായി നഗരത്തില്‍ നടപ്പാക്കാനാവും. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ നഗരങ്ങളിലും രണ്ടുവര്‍ഷത്തിനകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തിന്റെ പാര്‍ക്കിങ് നയരേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പല പ്രധാന നിര്‍മാണ പ്രവൃത്തികളും നീണ്ടുപോവുന്നതിന് മാറ്റം വരുത്താനായാണ് കെട്ടിടനിയമങ്ങള്‍ ഭേദഗതി വരുത്തിയത്. ഇതോടെ നിക്ഷേപ സൗഹൃദ കാര്യത്തില്‍ സംസ്ഥാനം മുന്നോട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിട നിര്‍മാണാനുമതിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നതോടെ ഈ മേഖലയിലെ അഴിമതി ഇല്ലാതാക്കാനാവും. ഇതോടെ ലൈസന്‍സിന് വേണ്ടി ഒരു ഉദ്യോഗസ്ഥനെയും സമീപിക്കേണ്ടിവരില്ല. രേഖകള്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അതിന്റെ ന്യൂനതകള്‍ സോഫ്റ്റ്‌വെയര്‍ തന്നെ നമുക്ക് പറഞ്ഞുതരും. ലോകത്തിന്റെ ഏത് കോണിലിരുന്നും ആര്‍ക്കും കെട്ടിട നിര്‍മാണ അനുമതിക്കായി അപേക്ഷിക്കാന്‍ കഴിയുന്ന സാഹചര്യമാണൊരുക്കുന്നത്. കെട്ടിട ലൈസന്‍സ് ലഭിക്കാന്‍ ഇനി തിരുവനന്തപുരത്ത് പോവേണ്ടതില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ടൗണ്‍ പ്ലാനിങ് ഓഫിസില്‍ തീര്‍ക്കേണ്ടതുണ്ട്. ഇതോടെ ചീഫ് ടൗണ്‍ പ്ലാനിങ് ഓഫിസറുടെ ജോലി കുറയും. കെട്ടിട നിര്‍മാണം സംബന്ധിച്ച പരാതികളില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ മുന്ന് പേരടങ്ങുന്ന വിദ്ഗ്ധ സമിതിയെ നിയോഗിക്കും. ഇവര്‍ അക്കാര്യത്തില്‍ 72 മണിക്കൂറിനകം തീര്‍പ്പ് കല്‍പ്പിക്കും. ലൈസന്‍സ് പുതുക്കല്‍ മൂന്ന് വര്‍ഷത്തിലൊരിക്കലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ പാര്‍ക്കിങ് നയരേഖയുള്ള നഗരമാണ് കോഴിക്കോട്്. ഇത് മറ്റിടങ്ങളില്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടാവും. പല നഗരങ്ങള്‍ക്കും ഇപ്പോഴും മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞിട്ടില്ല. ഇടയില്‍ വരുന്ന ഭേദഗതികളാണ് ഇത് നീണ്ടുപോവാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. ഡോ എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി അനില്‍കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണ്‍, കൗണ്‍സിലര്‍ ലളിതപ്രഭ, മുഖ്യനഗരാസൂത്രകന്‍ കെ രമണന്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, നോര്‍ത്ത് ട്രാഫിക് എസ് പി രാജു പി കെ, ജോയിന്റ് ആര്‍ടിഒ സരള, ടൗണ്‍ പ്ലാനര്‍ കെ വി അബ്ദുല്‍ മാലിക്, ഡെപ്യൂട്ടി  ടൗണ്‍ പ്ലാനര്‍ ആതിര രവി സംസാരിച്ചു.
Next Story

RELATED STORIES

Share it