kozhikode local

കെഎസ്‌യു മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്; ഡിസിസി പ്രസിഡന്റിന് നേരെ കൈയേറ്റശ്രമം

കോഴിക്കോട്: കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലിസ് അതിക്രമം. അതിക്രമത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റു.
ജെസ്‌ന തിരോധനം സിബിഐക്കു വിടുക, പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് കൊള്ള അവസാനിപ്പിക്കുക, പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.  ഡിസിസിയില്‍ നിന്നും  പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫിസിലേക്ക് തള്ളികയറാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ലാത്തി വീശി.
പൊലിസ് ബലമായി പിടിച്ചു മാറ്റുന്നതിനിടെയാണ് അഡ്വ. ടി സിദ്ദിഖിന് പരുക്കേറ്റത്. പ്രതിഷേധിച്ച കെ എസ് യു ജില്ലാ പ്രസിഡന്റ്  വി ടി നിഹാല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക്്  പോലിസിന്റെ മര്‍ദ്ദനമേറ്റു. പൊലിസ് ലാത്തിചാര്‍ജ്ജില്‍ നിഹാലിന് തലക്കും കൈക്കും പരുക്കേറ്റു.
ജില്ലാ ഭാരവാഹികളായ സുധിന്‍ സുരേഷ്, ഷഹബാസ്, സുവാദ് റഹീം, മനു അര്‍ജ്ജുന്‍, അശ്വന്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, സെക്രട്ടറി സുധിന്‍ സുരേഷ്, ജാസില്‍ പുതുപ്പാടി, മനുഅര്‍ജ്ജുന്‍ ശ്യാം, ജാനിസ് തുടങ്ങി എല്ലാ  പ്രവര്‍ത്തകരെയും പൊലിസ് ബലമായി അറസ്റ്റു ചെയ്തു നീക്കി. ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് മാര്‍ച്ച്  ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ വേട്ടക്കാരന്റെ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. സര്‍ക്കാര്‍ ഇരയോടൊപ്പമോ പൊതുസമൂഹത്തിനൊപ്പമെന്ന് വ്യക്തമാക്കണം. കെവിന്‍ കൊലപാതകത്തില്‍  കൊലപാതകികള്‍ക്കൊപ്പമായിരുന്നു പൊലിസ്.  ജെസ്‌നയുടെ തിരോധനത്തില്‍  തുടക്കം മുതല്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്താതെ പൊലിസ് കൃത്യവിലോപം നടത്തുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ഫീസ് ഏകീകരിക്കാതെ  വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയാണ്.
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടപ്പം വേട്ടയാടുകയും  ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ട മുഖം ഭീകരമാണ്. എസ് ഡിപിയെ കൂട്ടുപിടിച്ച് നിരവധി പഞ്ചായത്തുകളില്‍ സിപിഎം ഭരണം നടത്തുന്നത് രക്തസാക്ഷി അഭിമന്യുവിനോടുള്ള അപരാധമല്ലേയെന്ന് കോടിയേരിയോട് എസ്എഫ്‌ഐ ചോദിക്കണമെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.
നിപയും  ഉരുള്‍പൊട്ടലും നാശം വിതച്ച ജില്ലയില്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രി ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളെ ജയിലില്‍ പോയി കാണാന്‍ സമയം കണ്ടെത്തിയതിലൂടെ സര്‍ക്കാര്‍  വേട്ടക്കാരനോടൊപ്പമാണന്നു വ്യക്തമായെന്നും സിദ്ദിഖ് പറഞ്ഞു.
Next Story

RELATED STORIES

Share it