Flash News

കെഎസ്‌യുവിന്റെ നരമേധ ചരിത്രം എ കെ ആന്റണി കണ്ണടച്ചതുകൊണ്ട് ഇരുട്ടുവീഴുകയില്ല

കെഎസ്‌യുവിന്റെ നരമേധ ചരിത്രം എ കെ ആന്റണി കണ്ണടച്ചതുകൊണ്ട് ഇരുട്ടുവീഴുകയില്ല
X
തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളില്‍ കെഎസ്‌യുക്കാര്‍ നടത്തിയ നരമേധത്തിന്റെ നടുക്കുന്ന ചരിത്രത്തില്‍ എ കെ ആന്റണി കണ്ണടച്ചതുകൊണ്ട് ഇരുട്ടുവീഴുകയില്ലെന്ന് തോമസ് ഐസക്. ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സഖാവ് ഭുവനേശ്വരന്‍ പന്തളം എന്‍എസ്എസ് കോളജില്‍ കെഎസ്‌യുക്കാരുടെ കൈകളാല്‍ കൊല്ലപ്പെടുന്നത്. സഖാവ് ഭുവനേശ്വരന്റെ ജ്യേഷ്ഠ സഹോദരനാണ് പൊതുമരാമത്തു വകുപ്പു മന്ത്രി സഖാവ് ജി സുധാകരന്‍. കേരളത്തിലെ കലാലയങ്ങളില്‍ കെഎസ്‌യുക്കാരുടെ വെട്ടും കുത്തുമേറ്റ് ഒട്ടേറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കസേരകളില്‍ എ കെ ആന്റണിയുമുണ്ടായിരുന്നു. ആ കാലം ജനങ്ങള്‍ മറന്നുവെന്ന ധാരണയിലാണ് അദ്ദേഹം കാമ്പസ് സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം എസ്എഫ്‌ഐയില്‍ ചാര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



ഭുവനേശ്വരനെ കെഎസ്‌യുക്കാര്‍ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന് എ കെ ആന്റണി മറക്കരുത്. തലച്ചോറു കലങ്ങുന്നതുവരെ ഭുവനേശ്വരന്റെ തല പിടിച്ച് സിമന്റു തറയിലിടിച്ചവരാണ് കെഎസ് യുക്കാര്‍. കൊല്ലപ്പെടുമ്പോള്‍ ആ സഖാവിനു പ്രായം വെറും 17. കുട്ടിക്കാലം മുതല്‍ കലയിലും സാഹിത്യത്തിലും സ്‌പോര്‍ട്‌സിലും താല്‍പര്യമുണ്ടായിരുന്ന, പഠിക്കാന്‍ മിടുക്കനായിരുന്ന അനുജനെക്കുറിച്ച് സഖാവ് ജി സുധാകരന്‍ എഴുതിയ ഹൃദയസ്പര്‍ശിയായ അനുസ്മരണക്കുറിപ്പ് എ കെ ആന്റണി ഒന്നു വായിച്ചു നോക്കണം. ഭുവനേശ്വരനെപ്പോലെ ഒട്ടേറെ സഖാക്കളുടെ ചോരക്കറ വീണു കരുവാളിച്ചതാണ് കെഎസ് യുവിന്റെ ഭൂതകാലം. കൊല്ലും കൊലവിളിയുമായി കാമ്പസ് അടക്കിഭരിക്കാമെന്ന കെഎസ്‌യുവിന്റെ വ്യാമോഹത്തിന് കാലം കൊടുത്ത ശിക്ഷയാണ് ആ സംഘടന ഇന്ന് അനുഭവിക്കുന്ന ഗതികേടിന്റെ വര്‍ത്തമാനകാലം. കേരളത്തില്‍ കലാലയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന ആന്റണിയുടെ അഭിപ്രായത്തില്‍ ഭാഗീകമായ ശരിയുണ്ട്. അതു തുടങ്ങിവെച്ചത് കെഎസ് യു ആണ്. ആ അക്രമരാഷ്ട്രീയമാണ് കെഎസ് യുവിനെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് അപ്രസക്തമാക്കിയത്. ആന്റണി ഉയര്‍ത്തുന്ന പഴമുറത്തില്‍ ഈ ചരിത്രമൊന്നും മറഞ്ഞുപോകില്ല. വിമോചനസമരകാലമൊന്നും ഞങ്ങള്‍ മറന്നിട്ടുമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
Next Story

RELATED STORIES

Share it