kasaragod local

കെഎസ്ടിപി റോഡ് നിര്‍മാണം നിലച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഎസ്ടിപി റോഡിന്റെ നിര്‍മാണം നിലച്ചു. കാഞ്ഞങ്ങാട് നഗരത്തിലെ റോഡ് നിര്‍മാണമാണ് അവസാനഘട്ടമായി നടന്നുവരുന്നത്. കെഎസ്ടിപിക്ക് വേണ്ടി പണി കരാര്‍ എടുത്തയാള്‍ക്ക് പണം കിട്ടാത്തതാണ് നിര്‍മാണം മുടങ്ങാന്‍ ഇടയാക്കിയത്. തൊഴിലാളികള്‍ക്ക് മൂന്ന് മാസമായി കൂലി നല്‍കാത്തതിന്റെ പ്രശ്‌നവും കൂടാതെ കെഎസ്ടിപി കരാറുകാര്‍ക്ക് ഫണ്ട് കിട്ടാത്തതും സാധനങ്ങള്‍ കിട്ടാത്തതുമാണ് നിര്‍മാണം മുടങ്ങാന്‍ കാരണം. കരാറുകാര്‍ക്ക് കെഎസ്ടിപി ഫണ്ട് അനുവദിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് രണ്ട് മാസമായി കൂലി നല്‍കാന്‍ കഴിയാത്തയവസ്ഥയാണുള്ളത്. ഇതിനെ തുടര്‍ന്ന് ഇരുന്നോറളം വരുന്ന റോഡ് പ്രവൃത്തി നടത്തുന്ന തൊഴിലാളികളും നൂറോളം വരുന്ന ഡ്രൈവര്‍മാര്‍ അടക്കമുള്ള മറ്റു തൊഴിലാളികളും കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. ഇതു കൂടാതെ കരാര്‍ പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കാത്തതും മറ്റൊരു വലിയ പ്രശ്‌നമാണ്. മെറ്റലടക്കം കെഎസ്ടിപി പ്രവൃത്തിക്കാവശ്യമായ സാധനങ്ങള്‍ കിട്ടാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. സ്വന്തമായി ക്രഷര്‍ നടത്താനായി കെഎസ്ടിപി കരാറുകാര്‍ ശ്രമിച്ചുവെങ്കിലും അതിന് അധികൃതര്‍ തയ്യാറാവാത്തതും മറ്റൊരു പ്രശ്‌നമായി നില്‍ക്കുകയാണ്. ഇതോടെ നഗരത്തിലെ കെഎസ്ടിപി പ്രവൃത്തി വീണ്ടും ഇഴഞ്ഞ് നീങ്ങുന്നയവസ്ഥയിലാണുള്ളത്. ആറു മാസത്തിനകം കെഎസ്ടിപി പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് ലോക ബാങ്ക് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ സപ്തംബറില്‍ നിര്‍മാണപ്രവൃത്തിയുടെ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ കെഎസ്ടിപി റോഡ് പണി നിര്‍ത്തിയത്. രണ്ടു ജില്ലയിലേതും കൂടി 30 കോടി രൂപ കുടിശ്ശികത്തുക കിട്ടാനുണ്ടെന്നാണ് കാരണമായി കരാറുകാര്‍ അന്ന് പറഞ്ഞത്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ 27.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും കണ്ണൂര്‍ ജില്ലയില്‍ പിലാത്തറ-പാപ്പിനിശ്ശേരി റൂട്ടില്‍ 20.9 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുമാണ് കെഎസ്ടിപി പ്രവൃത്തി നടക്കുന്നത്. കാസര്‍കോട് പ്രസ് ക്ലബ്ബ് ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരേയുള്ള റോഡ് പണിക്ക് 133 കോടി രൂപയാണ് അടങ്കല്‍. പാപ്പിനിശ്ശേരിയിലേത് 114 കോടി രൂപയാണ്. രണ്ടിടത്തും കൂടി എട്ട് ഉപ കരാറുകാരും 350 തൊഴിലാളികളുമുണ്ട്. പ്രശ്‌നം ഉടന്‍ പരിഹരിച്ച് റോഡു പണി വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it