kasaragod local

കെഎസ്ടിപി റോഡ് നിര്‍മാണം മന്ദഗതിയില്‍

കാഞ്ഞങ്ങാട്: നഗരത്തിലെ അലക്ഷ്യമായ വാഹന പാര്‍ക്കിങും ശക്തമായ മഴയും നഗരത്തിലെ റോഡ് പ്രവൃത്തിക്ക് തടസ്സമാകുന്നു. കാഞ്ഞങ്ങാട് നഗരമധ്യത്തിലെ കെഎസ്ടിപി റോഡ് പ്രവൃത്തി ഇഴഞ്ഞ് പോകുന്നതിനെ തുടര്‍ന്ന് കെഎസ്ടിപി അധികൃതരുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് 15 ദിവസത്തിനകം റോഡ് പണി പൂര്‍ത്തീകരിക്കുമെന്ന് തീരുമാനിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കൂടുതല്‍ വേഗത്തില്‍ നഗരത്തിലെ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും മഴയും വാഹനങ്ങളുടെ അലക്ഷ്യമായ പാര്‍ക്കിങും വ്യാപാരികളൂടെ താല്‍പര്യങ്ങളും നഗരമധ്യത്തിലെ റോഡ് വികസനത്തിന് തടസ്സമാകുന്നു. കരാറുകാരന്റെ ലേബര്‍ ഫോഴ്‌സില്‍ വരുന്ന കുറവ് പ്രവൃത്തികള്‍ക്ക് തുടര്‍ച്ചയില്ലാതാവുന്നു. ഫുട്ട്പാത്തില്‍ ഹാന്റ് റെയില്‍ സ്ഥാപിക്കുന്നതിനെതിരായി വ്യാപാരികള്‍ തടസ്സം നില്‍ക്കുന്നുണ്ട്. നഗരത്തിലെ ഒരു വസ്ത്രാലയത്തിന് മുമ്പിലെ ട്രാന്‍സ്‌ഫോമര്‍ മാറ്റുന്നതിന് കെഎസ്ഇബി അധികൃതരും മെല്ലെപോക്ക് നയം സ്വീകരിക്കുന്നു.
ഇവിടെ നില്‍ക്കുന്ന മരം മുറിച്ച് മാറ്റുന്നതിന് ജൂണില്‍ തന്നെ ആര്‍ഡിഒ ഉത്തരവിട്ടിരുന്നെങ്കിലും കരാറുകാരന്റെ അനാസ്ഥമൂലം ഇതും നടന്നില്ല. എലൈറ്റ് ഹോട്ടലിന് മുന്‍വശമുള്ള ഓവുചാല്‍ നന്നാക്കുന്നതിനും ഇവിടുത്തെ ചില വ്യാപാരികളും നാട്ടുകാരും പ്രവൃത്തിക്ക് സ്ഥിരം തടസ്സം സൃഷ്ടിക്കുന്നതായും അധികൃതര്‍ പറഞ്ഞു. നോര്‍ത്ത് കോട്ടച്ചേരി സുല്‍ത്താന്‍ ജ്വല്ലറിയുടെ മുന്‍വശമുള്ള പൈപ്പ് വെര്‍ട്ട് മാറ്റുന്നതിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നു. ഇത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിനായി അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജൂണ്‍ 11ന് ചേരേണ്ട യോഗവും നടക്കാതെ പോവുകയായിരുന്നു. ആര്‍ഡിഒ നിര്‍ദേശം നല്‍കിയിട്ടും മീറ്റിങ് നടന്നില്ല. നഗരമധ്യത്തിലെ റോഡ് വികസനത്തിന് പ്രധാനമായും തടസ്സം നില്‍ക്കുന്നത് അലക്ഷ്യമായുള്ള വാഹന പള്‍ക്കിങും ചില വ്യാപാരികളും തൊഴിലാളികളുടെ കുറവും മൂലമാണെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it