kasaragod local

കെഎസ്ഇബിയുടെ ഉദാസീനത ചൂണ്ടിക്കാട്ടി ജനപ്രതിനിധികള്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ അനുവദിച്ച പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റുമാര്‍. ദുരിതബാധിതമേഖലയില്‍ വര്‍ഷങ്ങള്‍ക്ക്്് മുമ്പ് തുടങ്ങിയ പദ്ധതികള്‍ പോലും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനിശ്ചിതമായി നീളുകയാണെന്ന് കയ്യൂര്‍-ചീമേനി, പനത്തടി, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ ആരോപിച്ചു. അതിരൂക്ഷമായ ഭാഷയിലാണ് കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ യോഗത്തില്‍ പ്രതികരിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഇവിടുത്തെ ബഡ്‌സ് സ്‌കൂള്‍ നാളിതുവരെയായിട്ടും വൈദ്യുതികീരിച്ചില്ല. കടുത്ത ചൂടില്‍ കുട്ടികള്‍ വെന്തുരുകുകയാണ്. ഈ വിഷയം സങ്കീര്‍ണമായതിനാല്‍ പിടിഎ കമ്മിറ്റി യോഗത്തിലും ക്ഷേമകാര്യയോഗത്തിലും പങ്കെടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് തനിക്കെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരോട് എപ്പോള്‍ ഇതു ശരിയാക്കാന്‍ മന്ത്രി ചോദിച്ചപ്പോള്‍ രണ്ടുമാസമെന്നായിരുന്നു മറുപടി. ഇതുകേട്ടപ്പോള്‍ ശകുന്തള ഇതു നിങ്ങള്‍ സ്ഥിരമായി പറയുന്ന പല്ലവിയാണെന്നും ഏതാനും ദിവസം കഴിഞ്ഞാല്‍ മഴ പെയ്യുമെന്നും അപ്പോള്‍ ഇതു നിങ്ങള്‍ മറക്കുമെന്നും പറഞ്ഞു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനനും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചാണ് യോഗത്തില്‍ സംസാരിച്ചത്.
വോള്‍ട്ടേജ് ക്ഷാമം പഞ്ചായത്തിലെ അങ്കണവാടികളിലെ കുട്ടികള്‍ വെന്തുരുകകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതിനാല്‍ മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും വൈദ്യുതി അണച്ചാലും ഇവിടുത്തെ മോട്ടോര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളാറില്‍ ആറുകോടി രൂപ ചെലവില്‍ പഞ്ചായത്തിന്റെ അറുപതുശതമാനം പ്രദേശത്ത് വെള്ളമെത്തിക്കാനുള്ള ജലനിധി പദ്ധതിയുടെ പ്രവൃത്തി നവംബറില്‍ പൂര്‍ത്തിയായിരുന്നു. അതേമാസം തന്നെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് ഒമ്പതുലക്ഷം രൂപ കെട്ടിവെയ്ക്കുകയും ചെയ്തു.
എന്നാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനുള്ള യാതൊരു നീക്കവും നാളിതുവരെയായിട്ടും നടത്തിയിട്ടില്ലെന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി കെ നാരായണന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വേനല്‍ക്കാലത്ത് പഞ്ചായത്തില്‍ റവന്യു വകുപ്പ് കുടിവെള്ളം വിതരണം ചെയ്‌തെങ്കിലും ഈവര്‍ഷം അതു സാധ്യമല്ലെന്ന് പറഞ്ഞതിനാല്‍ പഞ്ചായത്ത് തന്നെയാണ് വിതരണം ചെയ്യുന്നത്.  ഈ പഞ്ചായത്തിലെ അങ്കണവാടികള്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജ് പ്രകാരം വൈദ്യുതീകരിക്കാനുണ്ട്. എന്നാല്‍ കെഎസ്ഇബി വയറിങ് പോലും നടത്തിയിട്ടില്ല. മൂന്ന് അങ്കണവാടികളുടെ വയറിങ് പ്രവൃത്തി പഞ്ചായത്ത് സ്വന്തമായി ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it