കെഎസ്ആര്‍ടിസി: വാടകവണ്ടി തുണച്ചില്ല; നഷ്ടം 66.76 ലക്ഷം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വാടക നല്‍കി നടത്തുന്ന സ്‌കാനിയ ബസ് സര്‍വീസുകള്‍ കനത്ത നഷ്ടത്തില്‍. പ്രതിസന്ധിയില്‍ ശ്വാസംമുട്ടുന്ന കോര്‍പറേഷന് ഈ നഷ്ടം കനത്ത തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍, വാടകവണ്ടി കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എഐടിയുസി) സിഎംഡി ടോമിന്‍ ജെ തച്ചങ്കരിക്ക് കത്ത് നല്‍കി. കോര്‍പറേഷന്റെ കൈവശമുള്ള ബസ്സുകള്‍ ഒഴിവാക്കി വന്‍ ലാഭം ലക്ഷ്യമിട്ടാണ് വാടക നല്‍കി സ്‌കാനിയ ബസ്സുകള്‍ സര്‍വീസിന് ഉപയോഗിച്ചത്.
2017 നവംബര്‍ 1 മുതല്‍ 10 സ്വകാര്യ സ്‌കാനിയ ബസ്സുകള്‍ വാടകയ്ക്ക് ഏറ്റെടുത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിവരുകയാണ്. ഈ സര്‍വീസുകളെല്ലാം കനത്ത നഷ്ടമാണ് നാളിതുവരെ കോര്‍പറേഷനു വരുത്തിവച്ചിട്ടുള്ളത്. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള അഞ്ചുമാസത്തിനിടെ ആകെ നഷ്ടം 66,76,002 രൂപയാണ്. സര്‍വീസ് ആരംഭിച്ച നവംബറിലെ നഷ്ടം 21.50 ലക്ഷം രൂപയാണ്. ഡിസംബര്‍- 5.23 ലക്ഷം, 2018 ജനുവരി- 8.78 ലക്ഷം, ഫെബ്രുവരി- 19.24 ലക്ഷം, മാര്‍ച്ച്- 11.98 ലക്ഷം എന്നിങ്ങനെയാണ് നഷ്ടത്തിന്റെ തോത്.
ഏപ്രിലിലെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ നഷ്ടം ഇനിയുമുയരും. നഷ്ടത്തിന്റെ തോത് ഉയരുന്നതല്ലാതെ ലാഭത്തിലേെക്കത്തുമെന്ന ഒരു സൂചനപോലും ഈ കണക്കുകള്‍ നല്‍കുന്നില്ലെന്ന് യൂനിയന്‍ ചൂണ്ടിക്കാട്ടി. അമിത വാടകയാണ് നഷ്ടത്തിന്റെ പ്രധാന കാരണം. ദീര്‍ഘദൂര സര്‍വീസിന് കിലോമീറ്ററിന് 23 രൂപയും ഹ്രസ്വദൂര സര്‍വീസിന് 27 രൂപയും കോര്‍പറേഷന്‍ സ്‌കാനിയ കമ്പനിക്കു നല്‍കണം. നിലവിലെ സര്‍വീസുകളില്‍നിന്നു ലഭിക്കുന്ന വരുമാനം വാടകയ്ക്കുപോലും തികയുന്നില്ലെന്നതാണു വസ്തുത. സാധാരണ ബസ്സുകള്‍ ഓടിക്കിട്ടുന്ന തുകയില്‍ നിന്നു ലക്ഷങ്ങള്‍ സ്വകാര്യ ബസ്സുകള്‍ക്ക് നല്‍കി നിലനിര്‍ത്തിപ്പോരേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നു യൂനിയന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയം പഠിച്ച് നടപടിയെടുക്കാമെന്ന്് എംഡി ടോമിന്‍ തച്ചങ്കരി കത്തിനു മറുപടി നല്‍കി.
Next Story

RELATED STORIES

Share it