കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം, ആഘോഷമാക്കി മാറ്റുന്നതിന് എതിരേ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ആഘോഷമാക്കി മാറ്റുന്നതിനെതിരേ പ്രതിപക്ഷ സര്‍വീസ് പെന്‍ഷന്‍ സംഘടനകളുടെ പ്രതിഷേധം. നാളെ രാവിലെ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം ആറ് മാസമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ആഘോഷമാക്കി നടത്തുന്നത് അപഹാസ്യമാണെന്നാണ് പ്രതിപക്ഷ സര്‍വീസ് പെന്‍ഷന്‍ സംഘടനകളുടെ ആരോപണം. പെന്‍ഷന്‍ വിതരണോദ്ഘാടനച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാനും പ്രതിപക്ഷ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. നാളെമുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍കാരുടെ സൗകര്യാര്‍ഥം സഹകരണ ബാങ്കുകള്‍ ഞായറാഴ്ച ദിവസമായ ഇന്നലെയും തുറന്നു പ്രവര്‍ത്തിച്ചു. സഹകരണ സ്ഥാപനങ്ങളില്‍ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അക്കൗണ്ട് തുറക്കുന്ന മുറയ്ക്ക് അതിലേക്കു പണം നിക്ഷേപിക്കുമെന്നാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണ സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചത്. ഓരോരുത്തരും തങ്ങള്‍ക്ക് നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്ന സ്ഥാപനത്തിന് തൊട്ടടുത്തുള്ള സഹകരണ സ്ഥാപനത്തില്‍ അക്കൗണ്ട് തുറക്കണമെന്നാണ് നിര്‍ദേശം.
ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള തിരുവനന്തപുരം ജില്ലയില്‍ നാളെ മുതലും മറ്റ് ജില്ലകളില്‍ ഇതിന് പിന്നാലെയും പെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാസത്തോടെ പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യാനാണു പദ്ധതി.
Next Story

RELATED STORIES

Share it