കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ചിനുള്ളില്‍ നല്‍കും: മന്ത്രി

തളിപ്പറമ്പ്: കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രന്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷനലുകളെ നിയമിക്കും. സ്ഥാപനത്തെ മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കു ചുമതല നല്‍കും. പ്രതിപക്ഷം വിമര്‍ശിച്ചു എന്നതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കാതെ ആര്‍ക്കും മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദിഷ്ട കാര്യം സാധിച്ചതിനും സര്‍വൈശ്വര്യത്തിനുമായി ക്ഷേത്രത്തില്‍ നടത്തുന്ന പൊന്നുംകുടം വച്ചു തൊഴല്‍ വഴിപാടും അദ്ദേഹം നടത്തി. അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി സഹകരണ ബാങ്കുകള്‍ വായ്പ ലഭ്യമാക്കണമെന്ന ബജറ്റ് നിര്‍ദേശത്തില്‍ ധാരണയായതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 15നു മുമ്പായി ജനുവരി വരെയുള്ള പെന്‍ഷന്‍ തുക മുഴുവനായും കൊടുത്തുതീര്‍ക്കാന്‍ കഴിയും. തുടര്‍ന്ന് എല്ലാ മാസവും സഹകരണ ബാങ്കുകള്‍ നേരിട്ട് പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 38,000ലധികം പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ 224 കോടി രൂപയാണ് വേണ്ടിവരുക. ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനായി 60 കോടി രൂപ വേണം. കുടിശ്ശികയും ജനുവരിയിലെ പെന്‍ഷനും നല്‍കുന്നതിന് ആവശ്യമായ 284 കോടി രൂപ ഉടനെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ വരെയുള്ള പെന്‍ഷന്‍ നല്‍കുന്നതിനായി 584 കോടി രൂപയുടെ വായ്പ നല്‍കുന്നതിനാണ് ധാരണ. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ പത്തു ശതമാനം പലിശയ്ക്കാണ് വായ്പ.
Next Story

RELATED STORIES

Share it