kozhikode local

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാലിന്യം കത്തിക്കുന്നത് പതിവാകുന്നു

വടകര: താഴെഅങ്ങാടി മലബ്ബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന കെഎസ്ആര്‍ടിസി ഡിപോയില്‍ നിന്നും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന പതിവാകുന്നതായി പരാതി. ബസുകളുടെ ചില വേസ്റ്റുകളും, മറ്റു കൂട്ടിയിട്ടാണ് ഡിപോയുടെ പല ഭാഗങ്ങളില്‍ നിന്നായി കത്തിക്കുന്നത്. ഇത് മൂലം പരിസരവാസികള്‍ക്ക് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഡിപോയുടെ നിലം കോണ്‍ക്രീറ്റ് ചെയ്യാതെ ബസുകള്‍ കയറിയിറങ്ങുമ്പോള്‍ തന്നെ പൊടിപടലങ്ങള്‍ കാരണം ആസ്ത്മ പോലുള്ള രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. നിലം കോണ്‍ക്രീറ്റ് ചെയ്യാത്തതിനെതിരെ പ്രദേശത്തെ പല രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്തിരുന്നു.
ഇതിന് പുറമെയാണ് ബസുകളുടെ ഓയിലുകള്‍ ചേര്‍ന്നുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്ത് വരുന്നത്. ഇത് സംബന്ധിച്ച് മുമ്പും പല തവണ പരാതികള്‍ നല്‍കിയിട്ടും ശക്തമായ നടപടി കൈകൊള്ളാന്‍ നഗരസഭ ആരോഗ്യ വകുപ്പ് തയ്യാറാകാത്തതാണ് വീണ്ടും ഇത്തരം പ്രവണത ഡിപോ ജീവനക്കാരില്‍ കൂടുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഒന്നാം തിയ്യതി രാത്രി 11 മണിയോടെയാണ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി നാട്ടുകാര്‍ കണ്ടത്. ഇത് സംബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കിയിരിക്കുകയാണ്.
പരാതി ലഭിച്ച സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ ഡിപ്പോയിലെത്തി അന്വേഷണം നടത്തുകയും, 48 മണിക്കൂറിനകം വിവരം രേഖാമൂലം ഓഫിസില്‍ അറിയിക്കേണ്ടതാണെന്ന് കണ്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസിന് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ പ്രോസുക്യൂഷന്‍ ഉള്‍പ്പടെയുള്ള നിയമനടപടികള്‍ എടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ഒന്നാം തിയ്യതി രാത്രി ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മാലിന്യങ്ങള്‍ കൂമ്പാരമാക്കി കത്തിക്കുന്നതായി കണ്ടതെന്ന് നാട്ടുകാര്‍ തേജസിനോട് പറഞ്ഞു. ഇതേ വര്‍ഷം തന്നെ ജനുവരി മാസം സമാന സംഭവം ഈ ഡിപ്പോയില്‍ നടന്നിരുന്നു. പരാതി ലഭിച്ച നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ പിഴ ഒടുക്കുന്നത് അടക്കമുള്ള നടപടികളില്‍ നിന്നും നഗരസഭ പിന്‍മാറിയതാണ് വീണ്ടും മാലിന്യം കത്തിക്കുന്നത്. ഡിപ്പോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ വന്ന എതിര്‍പ്പിനെ അവഗണിച്ച് കൊണ്ട് അധികാരികള്‍ സ്ഥലം നല്‍കിയതും നിര്‍മ്മാണം തുടങ്ങിയതും. പ്രദേശത്തുകാര്‍ വളരെ നല്ലരീതിയില്‍ കളിസ്ഥലമായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഡിപ്പോയ്ക്കായി വിട്ടു നല്‍കിയത്.
ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ പകര്‍ച്ചാവ്യാധികള്‍ പടര്‍ന്ന പിടിക്കുന്ന ഈ സാഹചര്യത്തില്‍ മാലിന്യം നീക്കം ചെയ്യാതെ നില നിര്‍ത്തുന്നതും, മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ഏറെ ആശങ്കയുണ്ടാക്കുകയാണ്. സീറോ വേസ്റ്റ് വടകര പോലുള്ള പദ്ധതി നടപ്പിലാക്കി വരുന്ന വടകര നഗരസഭയ്ക്കുള്ളില്‍ തന്നെ, അതും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ഇത്തരമൊരു പ്രവൃത്തി നടക്കുന്നു എന്നത് ഏറെ ആശ്ചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it