കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മഹത്യ: ഉത്തരവാദി സര്‍ക്കാര്‍ തന്നെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതുമൂലം രണ്ടു കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടില്‍ സുല്‍ത്താന്‍ബത്തേരിയിലും തിരുവനന്തപുരത്ത് നേമത്തുമാണ് ഓരോ പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തത്. പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമായാണ് വിരമിച്ച ജീവനക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് കഴിഞ്ഞ മാസം 29നു നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. എന്നാല്‍, പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാതെ സര്‍വീസ് സഹകരണ ബാങ്കുകളുടെ തലയില്‍ അത് കെട്ടിവച്ച് സൂത്രത്തില്‍ തടിയൂരുകയാണ് സര്‍ക്കാര്‍ ബ—ജറ്റ് പ്രസംഗത്തില്‍ ചെയ്തത്. സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനം ജീവനക്കാര്‍ വിശ്വസിക്കുന്നില്ല എന്നതിനു തെളിവാണ് തുടര്‍ച്ചയായി ഉണ്ടാവുന്ന ആത്മഹത്യകള്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 15 കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരാണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവന്നത്. നൂറുകണക്കിനു പെന്‍ഷന്‍കാര്‍ ആത്മഹത്യയുടെ വക്കിലാണ്. മനുഷ്യത്വം തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറന്നു പ്രശ്‌നത്തിനു ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it