kannur local

കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിന് എതിരേ സ്വകാര്യ ബസ്സുടമകള്‍

കണ്ണൂര്‍: ജില്ലയില്‍ ഏറ്റവും തിരക്കേറിയ പാതയായ കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടിലെ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസിനെതിരേ എതിര്‍പ്പുമായി സ്വകാര്യബസ്സുടമകള്‍ രംഗത്ത്. കെഎസ്ആര്‍ടിസിയുടെ അതിവ്യാപനം കാരണം സ്വകാര്യബസ്സുകള്‍ സാമ്പത്തിക നഷ്ടത്തിലാണെന്ന് ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു.
യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് അനുവദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് കണ്ണൂരില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും പയ്യന്നൂരില്‍ സി കൃഷ്ണന്‍ എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് ആറും പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് അഞ്ചും ബസ്സുകളാണു ചെയിന്‍ സര്‍വീസ് നടത്തുന്നത്.
ഈ റൂട്ടിലൂടെയുള്ള യാത്രയില്‍ കണ്ണൂര്‍-പയ്യന്നൂര്‍ ദൂരത്തില്‍ എട്ടു കിലോമീറ്ററും യാത്രാനിരക്കില്‍ മൂന്നു രൂപയും കുറവുണ്ട്. 1976ല്‍ പഴയങ്ങാടി പാലം നിര്‍മിച്ചതു മുതല്‍ ഈ റൂട്ട് ദേശസാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങിയില്ലെങ്കിലും തുടര്‍ന്ന് കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. ഇടക്കാലത്ത് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസും ആരംഭിച്ചു. പിന്നീട് ബസ്സുകളുടെ എണ്ണം കുറഞ്ഞുവന്നു. പാപ്പിനിശ്ശേരി-പിലാത്തറ റോഡ് കെഎസ്ടിപി പദ്ധതിയില്‍പ്പെടുത്തി നവീകരണം ആരംഭിച്ചതോടെപൂര്‍ണമായും നിലച്ചു. ഇതാണ് സ്ഥലം എംഎല്‍എ ടി വി രാജേഷിന്റെ സമ്മര്‍ദഫലമായി പുനരാരംഭിച്ചത്. എന്നാല്‍, സ്വകാര്യബസ്സുകളുടെ മുന്നിലും പിന്നിലുമായി കെഎസ്ആര്‍ടിസി ഓടുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാവുന്നു എന്നാണ് ഉടമകളുടെ വാദം. കൂടാതെ, മല്‍സരയോട്ടത്തിനും തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റത്തിനും വഴിവയ്ക്കുന്നു. ഇത്തരത്തില്‍ 600 രൂപ ദിനേന നഷ്ടത്തിലാണെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം വി വല്‍സലനും വൈസ് ചെയര്‍മാന്‍ രാജ്കുമാര്‍ കരുവാരത്തും പറഞ്ഞു. നേരത്തെ, നഷ്ടം കാരണം ഈ റൂട്ടില്‍ സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ നിരവധി യാത്രക്കാരെയും വിദ്യാര്‍ഥികളെയും ബാധിക്കുമെന്നതിനാലാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്. ഏതാനും കെഎസ്ആര്‍ടിസി ബസ്സുകള്‍ പിന്‍വലിക്കണമന്നും അല്ലാത്തപക്ഷം ഇതുവഴിയുള്ള മുഴുവന്‍ സ്വകാര്യബസ്സുകളും അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it