കെഎസ്ആര്‍ടിസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢനീക്കത്തില്‍ നിന്ന് മാനേജ്‌മെന്റും സര്‍ക്കാരും പിന്തിരിയണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി.
അശാസ്ത്രീയമായ പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. റിസര്‍വേഷനും കൂപ്പണും കുടുംബശ്രീക്ക് നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. അത് നിലവിലെ ജീവനക്കാര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥ സൃഷ്ടിക്കും. ജീവനക്കാര്‍ അധികമെന്ന വാദം ഉയര്‍ത്തി 1000ഓളം പേരെ പിരിച്ചുവിടുമ്പോഴാണ് നിലവില്‍ ജീവനക്കാര്‍ ചെയ്തുവരുന്ന ജോലികള്‍ കരാറുകാര്‍ക്ക് നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നത്. കൂടാതെ നിലവിലുള്ള ബസ്സുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള ചര്‍ച്ചയും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു നടക്കുന്നു. ഇത് 4000ഓളം മെക്കാനിക്കല്‍ ജീവനക്കാര്‍ പിരിഞ്ഞുപോവേണ്ടിവരുന്ന അവസ്ഥ സൃഷ്ടിക്കാനാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
പുതിയ പരിഷ്‌കാരം കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ ബാധിച്ചു. ഷെഡ്യൂള്‍ പുനക്രമീകരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസിയുടെ പ്രതിദിന സര്‍വീസില്‍ ഒരുലക്ഷം കിലോമീറ്ററാണ് വെട്ടിച്ചുരുക്കിയത്. ഉച്ചനേരങ്ങളില്‍ ബസ് നിര്‍ത്തിയിടാനുള്ള തീരുമാനവും ദോഷംചെയ്യും. കൂടാതെ ഇത് ദേശസാല്‍കൃത റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമാക്കും. ഇതു ചൂണ്ടിക്കാട്ടി സ്വകാര്യ ബസ്സുടമകള്‍ ഇതേ റൂട്ടില്‍ പെര്‍മിറ്റ് നേടാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായിരിക്കും വരുമാനത്തില്‍ ഉണ്ടാവുകയെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Next Story

RELATED STORIES

Share it