കെഎസ്ആര്‍ടിസിയെ പൂര്‍ണമായും കൈവിടില്ല: ധനമന്ത്രി

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടില്ലെന്നു ധനമന്ത്രി ടി എം തോമസ് ഐസക്. കോര്‍പറേഷനെ സര്‍ക്കാര്‍ കൈവിട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നു ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം സ ര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതു വാര്‍ത്തയായതിനു പിന്നാലെയാണു മന്ത്രിയുടെ പ്രതികരണം. അതേസമയം, ആറു മാസത്തെ പെന്‍ഷന്‍ കുടിശ്ശികയായതോടെ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണു പെന്‍ഷന്‍കാര്‍. കെഎസ്ആര്‍ടിസിയുടെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാമ്പത്തിക ഭാരം പരമാവധിയാണെന്നും പെന്‍ഷന്‍ ഉള്‍പ്പെടെ കൂടുതല്‍ ബാധ്യത ചുമക്കാന്‍ കഴിയില്ലെന്നുമാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, കോര്‍പറേഷനെ പൂര്‍ണമായും കൈവിടില്ലെന്നാണു ധനമന്ത്രി പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നേരിട്ടും അല്ലാതെയുമായി 1500 കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 630 കോടി രൂപ നല്‍കിയെന്നും തുടര്‍ന്നും സഹായിക്കുമെന്നും ഐസക് പറഞ്ഞു. രണ്ടു വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തും. കെഎസ്ആര്‍ടിസിയെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസത്തെ മുടങ്ങിയ ശമ്പളം നല്‍കാനായി കഴിഞ്ഞ ദിവസം 70 കോടി രൂപ ധനവകുപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കെഎസ്ആര്‍ടിസിയെ ആശ്രയിച്ചുകഴിയുന്ന പെന്‍ഷന്‍കാര്‍ ദുരിതത്തിലാണ്. കഴിഞ്ഞ ജൂലൈ അവസാനമാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കിയത്. അതും പൂര്‍ണമായി ലഭിച്ചിട്ടുമില്ല. പെന്‍ഷന്‍ കിട്ടാത്ത വിരമിച്ച ജീവനക്കാരും ശമ്പളം സമയത്ത് കിട്ടാത്ത നിലവിലെ ജീവനക്കാരും സത്യവാങ്മൂലത്തോടെ കടുത്ത അരക്ഷിതാവസ്ഥയിലായി. സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ദിവസം 70 കോടി അനുവദിച്ചതു പോലെ സര്‍ക്കാര്‍ വീണ്ടും സഹായിക്കുമെന്ന വിശ്വാസത്തിലാണു സിഐടിയു.അതേസമയം, പെന്‍ഷന്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രോഗത്താലും കുടുംബ പ്രശ്‌നങ്ങളാലും നട്ടംതിരിയുന്ന പെന്‍ഷന്‍കാരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. മറ്റു വരുമാനമില്ലാതെ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപരോധം നടത്താന്‍ വന്ന പെന്‍ഷന്‍കാരുടെ ദയനീയാവസ്ഥ എല്ലാവരും കണ്ടതാണ്. ഇതൊരു മാനുഷിക പ്രശ്‌നമായി എടുത്തു സ്ഥായിയായ  പരിഹാരം കണ്ടെത്തുന്നതിനു പകരം അവരെ കൈയൊഴിയുന്ന ധനമന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it