ernakulam local

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ഇന്ന് മുതല്‍ കൊച്ചിയില്‍

കൊച്ചി: പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്ത് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ഇന്ന് മുതല്‍ കൊച്ചി നഗര വീഥിയിലും സര്‍വീസ് നടത്തും. രാവിലെ 8.30ന് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്ന് ആരംഭിക്കുന്ന നാലു ദിവസത്തെ പരീക്ഷണ ഓട്ടത്തിന്റെ ഫഌഗ് ഓഫ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും.
തിരുവനന്തപുരത്തെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് ഇലക്ട്രിക് ബസ് കൊച്ചിയില്‍ എത്തുന്നത്. പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും ജില്ലയില്‍ സര്‍വീസ്. ഒരു ദിവസം എട്ടു ട്രിപ്പുകളുണ്ടാവും. റൂട്ടുകള്‍ ഇങ്ങനെ: ബ്രാക്കറ്റില്‍ പുറപ്പെടുന്ന സമയം.
ആലുവ-ഫോര്‍ട്ടുകൊച്ചി (രാവിലെ 6.30ന്), ഫോര്‍ട്ടുകൊച്ചി-ഇന്‍ഫോപാര്‍ക്ക് (8.20ന്) ഇന്‍ഫോപാര്‍ക്ക്-എയര്‍പോര്‍ട്ട് (9.50ന്), എയര്‍പോര്‍ട്ട്-ഫോര്‍ട്ടുകൊച്ചി (11.40ന്), ഫോര്‍ട്ടുകൊച്ചി-പറവൂര്‍ (ഉച്ചയ്ക്ക് 1.45ന്), പറവൂര്‍-ഇന്‍ഫോപാര്‍ക്ക് (വൈകീട്ട് 3.15ന്), ഇന്‍ഫോപാര്‍ക്ക്-അരൂര്‍ (5.10ന്), അരൂര്‍-ആലുവ (6.30ന്). എ സി ലോഫ്‌ളോര്‍ ബസ്സിന്റെ നിരക്ക് തന്നെയാണ് ഇലക്ട്രിക് ബസ്സിലും ഈടാക്കുക. നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടാം. ആലുവ റീജ്യനല്‍ വര്‍ക്ക് ഷോപ്പിലാണ് ഇതിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്‍ജിന്‍ ഇല്ലാത്ത ബസ്സില്‍ പിറകിലെ രണ്ടു ചക്രങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന വൈദ്യുത മോട്ടോറുകളാണ് വേഗത നിയന്ത്രിക്കുക.
40 പുഷ്ബാക്ക് സീറ്റുകളടങ്ങിയ ബസ്സില്‍ വൈഫൈ കണക്ഷന്‍, സിസി ടിവി കാമറകള്‍, ടെലിവിഷനുകള്‍, ജിപിഎസ് ട്രാക്കിങ് എന്നിവയുമുണ്ടാകും. 26ന് രാത്രി ബസ് കോഴിക്കോടേക്ക് തിരിക്കും.
Next Story

RELATED STORIES

Share it