Kottayam Local

കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം; സര്‍വീസുകള്‍ റദ്ദാക്കുന്നു : പ്രതിസന്ധി പാലാ ഡിപ്പോയില്‍



പാലാ: ഡീസല്‍ ക്ഷാമം മൂലം കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ നിരവധി സര്‍വീസുകള്‍ റദ്ദു ചെയ്തുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം 15ഓളം ഓര്‍ഡിനറി സര്‍വീസുകളാണ് റദ്ദ് ചെയ്തത്. 100നു മുകളില്‍ സര്‍വീസ് നടത്തുന്ന പാലാ ഡിപ്പോയില്‍ പ്രതിദിനം 7000-8000 ഇടയ്ക്ക് ലിറ്റര്‍ ഡിസലാണ് ആവശ്യമുളളത്. പമ്പുകളില്ലാത്ത തൊടുപുഴ, മൂവാറ്റുപുഴ, കൂത്താട്ടുകുളം ഡിപ്പോകളിലെ വാഹനങ്ങള്‍ക്ക് പാലാ പമ്പില്‍ നിന്നാണ് ഇന്ധനം നിറയ്‌ക്കേണ്ടത്. ഇതിനായി 1000 ലിറ്ററോളം ഡീസല്‍ ദിനംതോറും അധികമായി ആവശ്യമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 4500 ലിറ്റര്‍ ഡീസലാണ് പാലാ ഡിപ്പോയില്‍ എത്തുന്നത്. ഇതും രണ്ട് ദിവസം കൂടുമ്പോഴാണ് കിട്ടുന്നതെന്ന ആക്ഷേപവുമുണ്ട്. ഒരു ടാങ്കറില്‍ ഈരാറ്റുപേട്ട, പൊന്‍കുന്നം, പാലാ, തിരുവല്ല ഡിപ്പോകളിലേക്കായി 18000 ലിറ്റര്‍ ഡീസലാണ് എത്തുന്നത്. അതില്‍ നിന്ന് 4500 ലിറ്റര്‍ പാലാ ഡിപ്പോയില്‍ നിറയ്ക്കും. രാത്രി വൈകിയെത്തുന്ന ഡീസല്‍ എല്ലാ വാഹനങ്ങള്‍ക്കും അടിയ്‌ക്കേണ്ട അധിക ഉത്തരവാദിത്വം ഷണ്ടിങ് ജോലിയിലുള്ള കുറച്ചുപേരുടെ ചുമതലയിലേക്ക് എത്തുന്ന സ്ഥിതി വിശേഷമാണ് പാലായില്‍. ഡീസല്‍ ക്ഷാമം കാരണം സര്‍വീസുകള്‍ റദ്ദാക്കുന്നതിനു പുറമേ സര്‍വീസ് റിവൈസ് ചെയ്തതും പാലാ ഡിപ്പോയെ കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. ലാഭകരമായ ചില സര്‍വീസുകള്‍ റിവൈസ് നടപ്പാക്കിയതോടെ കനത്ത നഷ്ടത്തിലായിരിക്കുന്നു. ചില ബസ്സുകള്‍ക്ക് ഡ്യൂട്ടിയുടെ എണ്ണം കൂടുകയും ചെലവ് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് അനുസൃതമായി കലക്ഷന്‍ വര്‍ധിക്കാത്തതാണ് സര്‍വീസിനെ നഷ്ടത്തിലാക്കുന്നത്. ഡിപ്പോയിലെ ടേക്ക് ഓവര്‍ സര്‍വീസുകളും നഷ്ടക്കണക്കാണ് പറയുന്നത്. കാലാവധി കഴിഞ്ഞ സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ ഇനി പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആ റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.ഇത്തരത്തില്‍ 10ഓളം സര്‍വീസുകളാണ് പാലാ ഡിപ്പോ ആരംഭിച്ചത്. എന്നാല്‍ ഇവയില്‍ എട്ടെണ്ണവും വന്‍ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. കോടതി വിധിയെ മറികടന്ന് നിര്‍ത്തിവച്ച സ്വകാര്യ ലോങ് സര്‍വീസുകള്‍ അനധികൃതമായും യഥേഷ്ടവും പുനരാരംഭിച്ചതോടെയാണ് ലാഭകരമായിരുന്ന സര്‍വീസുകള്‍ നഷ്ടത്തിലായത്. ഇതിനു പുറമേ ടേക്ക് ഓവര്‍ സര്‍വീസുകളുടെ റൂട്ട് നിര്‍ണയത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. രാവിലെ 3.15ന് യാത്ര തുടങ്ങുന്ന മുണ്ടക്കയം-കൊന്നക്കാട് സര്‍വീസ് ഇത്തരത്തിലാണ്. 3.15ന് മുണ്ടക്കയത്തേക്ക് പോകുന്ന ബസ് പലപ്പോഴും കാലിയാണ്. 4.30 ഓടെ മുണ്ടക്കയത്തെത്തി അവിടെ നിന്നും തിരികെ ഏഴിന് പാലായില്‍ എത്തിയാണ് കൊന്നക്കാടിന് തിരിക്കുന്നത്. പാലാ മുതല്‍ മുണ്ടക്കയം വരെയും തിരിച്ചും പലപ്പോഴും ബസില്‍ ഒരു യാത്രക്കാരന്‍ പോലും ഉണ്ടാവാറില്ലെന്നാണ് ആക്ഷേപം. 1200 കിമീ ഓളം സഞ്ചരിക്കുന്ന ബസ് രാവിലെ സഞ്ചരിക്കുന്ന 80 ഓളം കിമീ യാതൊരു പ്രതിഫലവും ഇല്ലാതെ ഓടുന്ന അവസ്ഥയാണ്. ബസ് ജീവനക്കാര്‍ക്ക് ഒരു ട്രിപ്പ് തീരുമ്പോള്‍ അഞ്ച് ഡ്യൂട്ടിയാണ് ലഭിക്കുന്നത്. ഈ  സര്‍വീസിന് ഡീസല്‍ കാശ് പോലും ലഭിക്കുന്നില്ലെന്നാണ് അറിയുന്നത്. 4.15ന് പുറപ്പെടുന്ന കോഴിക്കോട് ബസിനും ഇതേ അവസ്ഥയാണ്. സ്വകാര്യ ബസ് ലോബികളും ചില ഉദ്യോഗസ്ഥരും തമ്മിലുളള ഒത്തുകളിയാണ് റൂട്ട് നിര്‍ണയത്തിലെ അപാകതകള്‍ക്കും സമയക്രമത്തില്‍ മാറ്റം വരുത്തിയതിനും പിന്നിലെന്ന് ആരോപണം ശക്തമാണ്.
Next Story

RELATED STORIES

Share it