palakkad local

കെഎച്ച് റോഡിന് ഡിപിസി അംഗീകാരം; യോഗത്തില്‍ ബഹളം

മണ്ണാര്‍ക്കാട്: നഗരസഭയിലെ കെഎച്ച് റോഡിനു ഡിപിസി അംഗീകാരം ലഭിക്കാത്തിനെ ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബഹളത്തിനൊടുവില്‍ റോഡിനു 1,30000 രൂപ അനുവദിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
അഞ്ചാം വാര്‍ഡിലെ കെഎച്ച് റോഡിനു ഡിപിസി അംഗീകാരം ലഭിക്കാതെ പോയതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സലീന വേളക്കാടനും ചെയര്‍പേഴ്‌സന്‍ എം കെ സുബൈദയും കോമ്പുകോര്‍ത്തിരുന്നു.
കൗണ്‍സിലര്‍ രാജി സന്നദ്ധത അറിയിച്ചതും വാര്‍ത്തയായിരുന്നു. അംഗത്തിന്റെ സമയക്കുറവാണു ഇത്തരമൊരു അവസ്ഥയ്ക്കു കാരണമെന്നു നഗരസഭ ചെയര്‍ പേഴ്‌സണും പ്രതികരിച്ചിരുന്നു.
തുടര്‍ന്നു വിഷയം പ്രത്യേക അജണ്ട വച്ചാണു ഇന്നലെ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കെഎച്ച് റോഡിനു ഡിപിസി അംഗീകാരം ലഭിക്കാതെ പോയതു പിഴവാണെന്നു ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ആരുടെ പിഴവെന്നു വ്യക്തമാക്കണമെന്നു അംഗങ്ങളില്‍ ചിലര്‍ ശഠിച്ചു. കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനം മിനുട്‌സില്‍ എഴുതാതിരുന്നതാണു പ്രതിസന്ധിക്കു കാരണമെന്നു ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. എന്നാല്‍ രാജി ഭീഷണി മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണു കെഎച്ച് റോഡിനു ഫണ്ടു അനുവദിക്കാന്‍ പ്രത്യേക യോഗം വിളിച്ചതെന്നും ഇതനുവദിക്കില്ലന്നും ഇടത് അംഗങ്ങള്‍ വാദിച്ചു.
അങ്ങനെയെങ്കില്‍ തങ്ങളുടെയെല്ലാം വാര്‍ഡുകളില്‍ ഇത്തരത്തില്‍ അടിയന്തര പ്രാധാന്യമുള്ള പദ്ധതികള്‍ നടപ്പാക്കാനുണ്ട്.
അവയും മിനിട്ടുസില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാന്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജി എന്റെ വ്യക്തിപരമായാ കാര്യമാണ്. അത് എന്റെ പാര്‍ട്ടിയിലാണു ചര്‍ച്ചചെയ്തത്. അത് ഇവിടെ ചര്‍ച്ച ചെയ്യേണ്ടിതില്ലന്നു സലീന വേളക്കാടന്‍ പറഞ്ഞു. രാജി ഭീഷണിയുടെ പേരിലല്ല തുക അനുവദിക്കുന്നതെന്നു ചെയര്‍പേഴ്‌സനും മറുപടി നല്‍കി.

Next Story

RELATED STORIES

Share it