കെഎഎസ് ആര്‍ക്കു വേണ്ടി?

രാഷ്ട്രീയകേരളം എച്ച് സുധീര്‍

പ്രകടനപത്രികയിലൂടെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ വഴിതെറ്റിപ്പോവുന്നുണ്ടോ എന്നതാണ് പൊതുവെയുള്ള സംസാരവിഷയം. നിയമലംഘനങ്ങളും അഴിമതിയും സമ്പന്നശക്തികളോടുള്ള പ്രീണനങ്ങളും അനുദിനം വര്‍ധിച്ചുവെന്നതാണ് സര്‍ക്കാരിനെതിരായ ചിന്തകള്‍ക്കു ബലം പകരുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഒടുവിലത്തെ ഉദാഹരണം.
സംവരണം അട്ടിമറിച്ച് കെഎഎസ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പല കോണുകളില്‍നിന്നായി ചോദ്യംചെയ്യപ്പെടുകയാണ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ സംവരണ വിഭാഗങ്ങള്‍ നിലവില്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഇതിനു പിന്നാലെയാണ് കെഎഎസിലും സംവരണവിരുദ്ധ നീക്കങ്ങള്‍ നടപ്പാക്കിയത്. ഇന്നു മുതല്‍ കെഎഎസ് നിലവില്‍വരുന്ന സാഹചര്യത്തില്‍ വിപുലമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് സംവരണ വിഭാഗങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് കെഎഎസ് രൂപീകരണം. കഴിവുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തില്‍ ഭരണകാര്യങ്ങളില്‍ അവസരം നല്‍കുന്നതിനു കൂടി ഉദ്ദേശിച്ചാണ് കെഎഎസ് രൂപീകരിക്കുന്നതത്രെ!.
മൂന്നു ധാരകള്‍ വഴിയാണ് കെഎഎസിലേക്കുള്ള റിക്രൂട്ട്‌മെന്റ്: 1. നേരിട്ടുള്ള നിയമനം. പ്രായപരിധി 32. പിന്നാക്ക വിഭാഗങ്ങള്‍ക്കും എസ്‌സി-എസ്ടിക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാലാ ബിരുദം. 2. നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം. പ്രായപരിധി 40. വിദ്യാഭ്യാസ യോഗ്യത ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കണം. 3. ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50. യോഗ്യത ബിരുദം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കെഎഎസ് രൂപീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ശുപാര്‍ശ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ അടങ്ങുന്ന മൂന്നംഗ ഉപദേശക സമിതിയെയും നിശ്ചയിച്ചു. സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെയും ഇടതു സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റിവച്ചു. തുടര്‍ന്നെത്തിയ എല്‍ഡിഎഫ് സര്‍ക്കാരും കെഎഎസ് രൂപീകരണവുമായി മുന്നോട്ടുപോയി. സ്ഥാനക്കയറ്റത്തിന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചെങ്കിലും പിണറായി സര്‍ക്കാര്‍ സംവരണം എടുത്തുകളഞ്ഞു. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് കെഎഎസില്‍ വീണ്ടും സംവരണം നല്‍കുന്നത് ശരിയല്ലെന്നു കാണിച്ച് സ്‌പെഷ്യല്‍ റൂള്‍ കരടില്‍ നിന്ന് രണ്ടാം സ്ട്രീമിലെ സംവരണ നിബന്ധനകള്‍ നീക്കിയതാണ് സംവരണ വിഭാഗങ്ങള്‍ക്കു തിരിച്ചടിയായത്. സംവരണം അട്ടിമറിച്ചത് സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത തസ്തികകളില്‍ മുന്നാക്ക വിഭാഗങ്ങളുടെ സമ്പൂര്‍ണ ആധിപത്യത്തിന് വഴിയൊരുക്കുമെന്നതും പരസ്യമായ രഹസ്യമാണ്.
സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി മുതല്‍ തുടങ്ങുന്ന ഉന്നത തസ്തികകളാണ് കെഎഎസില്‍ ഉള്‍പ്പെടുന്നത്. സ്ട്രീം ഒന്ന്, സ്ട്രീം രണ്ട്, സ്ട്രീം മൂന്ന് വിഭാഗങ്ങളിലായാണ് നിയമനരീതി. ബിരുദ യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്ന ഒന്നാമത്തെ സ്ട്രീമില്‍ മാത്രമാണ് ഇപ്പോള്‍ സംവരണമുള്ളത്. സര്‍വീസിലെ ബിരുദയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും മൂന്നിലും സംവരണം നല്‍കണമെന്ന് സ്‌പെഷ്യല്‍ റൂള്‍ കരടില്‍ പറഞ്ഞിരുന്നു. എന്നാല്‍, അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി നിലനിര്‍ത്തുകയും ചെയ്തു. ഫലത്തില്‍ സംവരണമെന്നത് പ്രായപരിധിയില്‍ മാത്രമൊതുങ്ങി. സംവരണം ഇല്ലാതാവുന്നതോടെ ഈഴവ, മുസ്‌ലിം, ഒബിസി വിഭാഗങ്ങള്‍ക്ക് കെഎഎസിലേക്ക് കടന്നുവരുക എളുപ്പമാവില്ല. മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പാക്കണമെന്നാണ് സംവരണ വിഭാഗങ്ങളുടെ ന്യായമായ ആവശ്യം. മുഖ്യധാരാ സര്‍വീസ് സംഘടനകളൊന്നും സംവരണ നിഷേധം ഉന്നയിക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഉദ്യോഗസ്ഥരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഇക്കൂട്ടര്‍ മൗനംപാലിക്കുകയായിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കെഎഎസിനെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടും സംവരണവിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നതും ഗൗരവകരമാണ്.
ഭരണഘടന അനുസരിച്ച് സര്‍ക്കാര്‍ നിയമനങ്ങളിലെല്ലാം സംവരണം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. കെഎഎസ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും കാര്യമായി ബാധിക്കും. സെക്രട്ടേറിയറ്റ്, പിഎസ്‌സി, രാജ്ഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഗസറ്റഡ് തസ്തികയുടെ രണ്ടാമത്തെ പ്രമോഷന്‍ തുടങ്ങുന്നത് അണ്ടര്‍ സെക്രട്ടറി മുതലാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ആയി ജോലിയില്‍ പ്രവേശിക്കുന്നയാള്‍ക്ക് സീനിയര്‍ ഗ്രേഡ്, സെലക്ഷന്‍ ഗ്രേഡ്, എഎഫ്ഒ, സെക്ഷന്‍ ഓഫിസര്‍, അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം.
എന്നാല്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എല്‍ഡി ക്ലാര്‍ക്ക്, യുഡി ക്ലാര്‍ക്ക് തുടങ്ങി സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പദവിയിലേക്ക് വളരെ പെട്ടെന്ന് എത്താനാവും. കെഎഎസ് വരുന്നതോടെ സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫിസര്‍ക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ എഎമാര്‍ക്കും പ്രമോഷന്‍ ലഭിക്കണമെങ്കില്‍ സര്‍വീസ് പരീക്ഷ പാസാവണം. സെക്രട്ടേറിയറ്റ് ജീവനക്കാരെയും മറ്റു സര്‍ക്കാര്‍ സര്‍വീസിലുള്ളവരെയും ഉള്‍പ്പെടുത്തി ഒരു പരീക്ഷയായിട്ടാവും പിഎസ്‌സി നടത്തുക. റാങ്ക്‌ലിസ്റ്റിലെ ക്രമമനുസരിച്ചാണ് പിന്നീടുള്ള നിയമനം. ലിസ്റ്റില്‍ കടന്നുകൂടുന്നതില്‍ അധികവും സെക്രട്ടേറിയറ്റിനു പുറത്തെ സര്‍ക്കാര്‍ ഓഫിസുകളിലെ യുവാക്കളായ ജീവനക്കാരാവും. ഇതോടെ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് സര്‍വീസില്‍ കടന്നുവരാനാവും. കൂടാതെ, സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫിസര്‍മാരില്‍ അധികം പേര്‍ക്കും ഇതേ തസ്തികയില്‍ വിരമിക്കേണ്ടതായും വരും. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകള്‍ കെഎഎസിനെതിരേ രംഗത്തുള്ളത്.
ചുരുക്കത്തില്‍, കസേര കൈയില്‍ കിട്ടിയപ്പോള്‍ ഉണ്ടായിരുന്ന ആവേശമൊന്നും ഇപ്പോള്‍ മന്ത്രിമാരുടെ മുഖങ്ങളില്‍ കാണാനില്ലെന്നതാണ് വസ്തുത. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടു പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഒന്നരവര്‍ഷത്തെ ഭരണത്തിനിടയില്‍ മോശമല്ലാത്ത രീതിയില്‍ പേരുദോഷം കൈവശമുള്ളതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സഖാക്കളെ ബോധ്യപ്പെടുത്തുകയെന്ന ഉദ്ദേശ്യവും ഈ സന്ദര്‍ശനങ്ങള്‍ക്കു പിന്നിലുണ്ട്. (മൂന്നു മന്ത്രിമാരുടെ രാജി, ആഭ്യന്തരവകുപ്പിന്റെ കെടുകാര്യസ്ഥത, ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തല്‍, സംഘപരിവാര നിലപാടുകളോടുള്ള മൃദുസമീപനം, തുടര്‍ച്ചയായുള്ള ഓര്‍ഡിനന്‍സുകള്‍, മാധ്യമങ്ങളുമായുള്ള അകല്‍ച്ച, ഓഖി ദുരന്തത്തിലെ ഉദാസീനത.... ഇങ്ങനെ പേരുദോഷങ്ങള്‍ അനവധിയാണ്). കഴിഞ്ഞദിവസം നടന്ന തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി മനസ്സിലുള്ളത് തുറന്നുപറയുകയും ചെയ്തു. സര്‍ക്കാരിന്റെ നിലവിലെ ധനസ്ഥിതി വളരെ പരിതാപകരമാണത്രേ. ജിഎസ്ടിയിലൂടെ തലവര തെളിയുമെന്ന് കരുതിയെങ്കിലും ഉണ്ടായിരുന്ന നികുതിവരുമാനം കൂടി കുറഞ്ഞു. കടമെടുത്ത് നിത്യനിദാനചെലവുകള്‍ നടത്തുന്നതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കു പോലും പണമില്ല. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാവുമെന്നൊക്കെ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയിപ്പോള്‍ വലിയ പ്രതീക്ഷകളൊന്നും മനസ്സില്‍ വയ്‌ക്കേണ്ടതില്ലെന്നാണ് മുഖ്യന്‍ പറഞ്ഞുവച്ചത്.       ി
Next Story

RELATED STORIES

Share it