Kottayam Local

കെഎംഎ ഡയാലിസിസ് സെന്ററിന് കൈത്താങ്ങുമായി സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി

കാഞ്ഞിരപ്പള്ളി: സൗജന്യ ഡയാലിസിസ് സൗകര്യം നല്‍കി വരുന്ന കെഎംഎ ഡയാലിസിസ് സെന്ററിന് കൈത്താങ്ങുമായി സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി. കാഞ്ഞിരപ്പള്ളി കെഎംഎ കോവില്‍ക്കടവ് റോഡില്‍ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ഡയാലിസിസ് സെന്ററിലേക്ക് പുതിയ ഡയാലിസ് യൂനിറ്റ് സ്വരുമ സമ്മാനിക്കും.
20ഓളം രോഗികള്‍ക്കായി 150 തവണ ഒരു മാസത്തില്‍ സൗജന്യ ഡയാലിസിസ് സെന്ററില്‍ നല്‍കുന്നുണ്ട്. നിലവില്‍ മൂന്നു യൂനിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നൂറോളം രോഗികള്‍ സൗജന്യ ഡയാലിസിസ് നടത്തുന്നതിനായി രജിസ്റ്റര്‍ ചെയ്തു കാത്ത് നില്‍പ്പുണ്ട്. ഡയാലിസിസ് യൂനിറ്റുകളുടെ കുറവും സേവന സമയത്തിന്റെ കുറവുമാണ് കൂടുതല്‍ രോഗികളെ സൗജന്യ ചികില്‍സയ്ക്കു വിധേയരാക്കാന്‍ കഴിയാത്തിന്റെ കാരണമെന്നു കെഎംഎ മെഡികെയര്‍ പ്രസിഡന്റ് ഷാനു കാസിം പാഞ്ഞു. ആറു സയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കുന്ന സൗകര്യങ്ങളോടെയാണു സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
മാസം രണ്ടു ലക്ഷത്തോളം രൂപ ചിലവാകുന്ന ഈ കാരുണ്യ പ്രവര്‍ത്തിക്കായി പണം മുടക്കുന്നത് കെഎംഎ അംഗങ്ങളാണ്. നിരാലംബരായ കൂടുതല്‍ രോഗികള്‍ക്കു ചികില്‍സ ലഭിക്കുന്നതിനായാണ് സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി ഡയാലിസ് യൂനിറ്റ് വാങ്ങി നല്‍കാന്‍ തീരുമാനിച്ചതെന്നു സ്വരുമ പ്രസിഡന്റ് ആന്റണി ഐസക്, സെക്രട്ടറി സ്‌കറിയ താവള്ളിയില്‍ എന്നിവര്‍ പറഞ്ഞു. പട്ടണത്തിലെ 25 കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള രോഗികള്‍ക്കാണ് നിലവില്‍ ചികില്‍സ നല്‍കുന്നത്.
ഈരാറ്റുപേട്ട റിംസ് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ അഞ്ചു പേര്‍ ഇവിടെ സേവനം നല്‍കി വരുന്നു. സുമനസ്സുകളുടെ സഹായം ലഭ്യമായാല്‍ പ്രവര്‍ത്തനം സമയം നീട്ടി കൂടുതല്‍ രോഗികള്‍ക്കു സൗജന്യ സേവനം ലഭ്യമാക്കാനാവുമെന്നു കെഎംഎ പ്രവര്‍ത്തകര്‍ പറയുന്നു. സ്‌കൂള്‍ തലങ്ങളില്‍ സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണു കെഎംഎ. രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം തുടക്കത്തിലെ ചികില്‍സ ലഭ്യമാക്കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യം. നാളെ വൈകീട്ട് നാലിന് പുതിയ യൂനിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും.
ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് അബ്ദുല്‍ സലാം മൗലവി നിര്‍വഹിക്കും. ഫാ. ഡേവിഡ് ചിറമേല്‍ മുഖ്യ പ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലെ വൃക്കരോഗികള്‍ക്കു ചികില്‍സ കൂടാതെ ഭക്ഷണക്കിറ്റ്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവക്കായി 12 ലക്ഷം രൂപയുടെ പദ്ധതിക്കാണു കെഎംഎയും സ്വരുമയും ചേര്‍ന്ന് ലക്ഷ്യമിടുന്നത്. വൃക്ക മാറ്റിവച്ചവര്‍ക്കുള്ള ചിലവേറിയ മരുന്നുകള്‍ക്കും സഹായം നല്‍കും. കൂടാതെ രോഗ പ്രതിരോധം മറ്റൊരു ഉപപദ്ധതിയായി ഒപ്പം മുന്നോട്ട് കൊണ്ടുപോകും.
Next Story

RELATED STORIES

Share it