Kottayam Local

കെആര്‍എന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകരെ സിനിമ പഠിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

കോട്ടയം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരെ ചലച്ചിത്ര നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കാന്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എഡ്യൂക്കേഷനല്‍ ടെക്‌നോളജി (എസ്‌ഐഇടി)യും ദക്ഷിണേന്ത്യയിലെ ഏക ദേശീയ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ആയ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് നടത്തുന്ന ഒന്നരമാസം നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് ഇന്ന് തുടക്കമാവും. ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് അധ്യാപകര്‍ക്ക് ഓഡിയോ വിഷ്യല്‍ ഇ കണ്ടന്റ് നിര്‍മാണത്തില്‍ എസ്‌ഐഇടി പരിശീലനം നല്‍കുന്നത്. തിരക്കഥ, ഷൂട്ടിങ്, എഡിറ്റിങ്, ശബ്ദമിശ്രണം, അനിമേഷന്‍ തുടങ്ങിയവയാണ് വിഷയങ്ങള്‍. 25 പേര്‍ വീതമുള്ള ആറ് ബാച്ചുകളിലായി ജൂണ്‍ ഒന്നു വരെ പരിശീലനം നീണ്ടുനില്‍ക്കും. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകര്‍ക്ക് പുറമെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക്ക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ക്ലാസുകളില്‍ ആവശ്യമായ ഓഡിയോ വീഡിയോ കണ്ടന്റുകള്‍, ബോധവല്‍കരണത്തിനാവശ്യമായ ലഘു ചിത്രങ്ങള്‍ എന്നിവ അധ്യാപകര്‍ക്ക് സ്വയം തയ്യാറാക്കാന്‍ അടിസ്ഥാന ധാരണ ഉണ്ടാക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് എസ്‌ഐഇടി ഡയറക്ടര്‍ ബി അബുരാജ് പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പദ്ധതികള്‍. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്.അധ്യാപകരിലെ സര്‍ഗശേഷി ഉപയോഗിച്ച് കൂടുതല്‍ ഫലപ്രദമായ അധ്യയനം സാധ്യമാക്കാന്‍ കഴിയും വിധമാണ് കോഴ്‌സ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നതെന്ന് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.കെ അമ്പാടി പറഞ്ഞു.
Next Story

RELATED STORIES

Share it