'കൃതി' രാജ്യാന്തര പുസ്തകോല്‍സവത്തിന് കൊച്ചിയില്‍ ഇന്നു തുടക്കം

കൊച്ചി: 'കൃതി' രാജ്യാന്തര പുസ്തക സാഹിത്യോല്‍സവത്തിന്റെ ഒന്നാം പതിപ്പ് ഇന്നു വൈകീട്ട് ഏഴിനു കൊച്ചി മറൈന്‍ഡ്രൈവിലെ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണു (എസ്പിസിഎസ്) സഹകരണ വകുപ്പിനു കീഴില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മേള സംഘടിപ്പിക്കുന്നത്.
വൈകീട്ട് അഞ്ചിന് കൊച്ചി ധരണി അവതരിപ്പിക്കുന്ന കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെ ചടങ്ങുകള്‍ക്കു തുടക്കമാവും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രഫ. എം കെ സാനു ഫെസ്റ്റിവല്‍ പ്രഖ്യാപനം നടത്തും. എം ടി വാസുദേവന്‍ നായര്‍ ഫെസ്റ്റിവല്‍ സന്ദേശം നല്‍കും. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലെ പുസ്തക കൂപ്പണുകളുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. പ്രഫ. കെ വി തോമസ് എംപി പുസ്തകമേളയുടെ ഗൈഡ് പ്രകാശനം ചെയ്യും.
എസ്പിസിഎസ് പ്രസിദ്ധീകരിക്കുന്ന ഇ എം എസിന്റെ നിയമസഭാ പ്രഭാഷണങ്ങളുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം മുന്‍ മന്ത്രി എം എ ബേബി നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കുന്ന 425 അടി നീളവും 100 അടി വീതിയുമുള്ള  ശീതീകരിച്ച ഹാളിലാണു പുസ്തകമേള അരങ്ങേറുക. ജനറല്‍  ഇംഗ്ലീഷ്, ജനറല്‍  മലയാളം, സയന്‍സ് ടെക്‌നോളജി അക്കാദമിക്, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗത്തിലായി ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 80ഓളം പ്രസാധകര്‍ നേരിട്ടെത്തുന്ന പുസ്തകമേളയ്ക്കാണു കൊച്ചി സാക്ഷ്യംവഹിക്കുക.
കേരളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ വിഭാഗത്തില്‍ മാത്രം ഒന്നര ലക്ഷത്തോളം പുസ്തകങ്ങളുണ്ടാവും.
Next Story

RELATED STORIES

Share it