kannur local

കൂട്ടുപുഴ പാലം നിര്‍മാണപ്രതിസന്ധി പരിഹരിക്കണമെന്ന് താലൂക്ക് സഭ

ഇരിട്ടി: കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കര്‍ണാടക വനം വകുപ്പിന്റെ എതിര്‍പ്പ് പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായും വനം ചീഫ് കണ്‍സര്‍വേറ്ററുമായും ചര്‍ച്ച നടത്തിയതായി സണ്ണി ജോസഫ് എംഎല്‍എ  പറഞ്ഞു. പാലം നിര്‍മാണത്തിന് അനുകൂല നിലപാടാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്. അനുമതിക്കായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും കെഎസ്ടിപിയും ചേര്‍ന്ന് അനുമതിപത്രം ലഭ്യമാക്കാന്‍
നടപടികള്‍ ഊര്‍ജിതമാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ റോഡ് വീതികൂട്ടുന്നതിനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും സംയുക്ത സര്‍വേ നടത്തും. ഇതിന്റെ
ഭാഗമായി 14, 15, 17 തിയ്യതികളില്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതായും തഹസില്‍ദാര്‍ അറിയിച്ചു. പതിവായ വൈദ്യുതിമുടക്കം ഒഴിവാക്കാന്‍ മഴയ്ക്ക് മുമ്പ് തീര്‍ക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. 50 രൂപയുടെ മുദ്രപത്രത്തിനും റവന്യൂ സ്റ്റാമ്പിനും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം പരിഹരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും 15 ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതായും എംഎല്‍എ വ്യക്തമാക്കി. താലൂക്കിലെ 19 വില്ലേജുകളില്‍ 14 എണ്ണത്തിലം കുടിവെള്ളം വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതായി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു. വരള്‍ച്ച കണക്കിലെടുത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍നിന്ന് 11 ലക്ഷം രൂപ വരെ കുടിവെള്ളത്തിനായി അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
വെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഉത്തരവ് കാരണം ഏറ്റെടുക്കാന്‍ ആരും തയ്യാറാവുന്നില്ല. ജിപിഎസ് സംവിധാനം ഇല്ലാതെയും വെള്ളം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. മഴക്ക് മുമ്പ് പൊതുമരാമത്ത് റോഡുകളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ആവശ്യപ്പെട്ടു. ഇത്തരം മരങ്ങളുടെ കണക്കെടുക്കാന്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it