kannur local

കൂട്ടുപുഴയില്‍ റവന്യൂ സംഘം പരിശോധന നടത്തി

ഇരിട്ടി: കൂട്ടുപുഴ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ഉണ്ടായ അതിര്‍ത്തി തര്‍ക്കം പരിഹാരമില്ലാതെ നീളുന്നതിനിടെ റവന്യു സംഘം അതിര്‍ത്തിയില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കര്‍ണാടക വനംവകുപ്പിന്റെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ സര്‍വേ നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ പറഞ്ഞു.
പാലം നിര്‍മാണ സമയത്ത് മാക്കൂട്ടം റോഡിനോടും കൂട്ടുപുഴ പാലത്തിനോടും ചേര്‍ന്ന് കര്‍ണാടക സ്ഥാപിച്ച സര്‍വേകല്ല് അല്ലാതെ പുതുതായി കൈയേറ്റമൊന്നും നടന്നിട്ടില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി സംയുക്ത സര്‍വേ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് പരിശോധനയെന്നാണ് റവന്യു സംഘവും കര്‍ണാടക വനംവകുപ്പ് സംഘവും പറയുന്നത്. ഇന്നലെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായി അംഗീകരിച്ച് സ്ഥാപിച്ച സര്‍വേ കല്ല് കണ്ടെത്തി.
സംസ്ഥാന പുനസംഘടനാ സമയത്ത് സ്ഥാപിച്ച സര്‍വേ കല്ലാണ് കണ്ടെത്തിയത്. തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളും മാക്കൂട്ടം വനമേഖലയും രേഖപ്പെടുത്തിയ സര്‍വേ കല്ലാണ് കണ്ടെത്തിയത്. കൂട്ടുപുഴ സ്‌നേഹഭവനു സമീപം വനാതിര്‍ത്തിയിലാണ് ഇത് സ്ഥാപിച്ചത്. തര്‍ക്കം പരിഹരിക്കാന്‍ ഇത് പ്രധാന തെളിവാണ്.
കൂട്ടപുഴ പുഴ വരെ തങ്ങളുടെ ഭൂമിയാണെന്ന കര്‍ണാടക വനം വകുപ്പിന്റെ ഇതുവരെയുള്ള അവകാശ വാദത്തെ പൊളിക്കുന്നതാണ് പുതിയ തെളിവ്. പുഴയോടു ചേര്‍ന്ന ഭാഗം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടാണ് കര്‍ണാടക വനം വകുപ്പ് കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം തടഞ്ഞത്. എന്നാല്‍ മാക്കൂട്ടം റോഡിനോട് ചേര്‍ന്ന ഭാഗം വരെ കേരളത്തിന്റെ റവന്യു ഭൂമിയാണെന്ന രേഖയുടെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. സംസ്ഥാനാന്തര പാത എന്ന പരിഗണന വച്ച് പാലത്തിന്റെ നിര്‍മാണത്തിന് അനുമതി നല്‍കാമെന്ന് കര്‍ണാടക വനംമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് തീരുമാനത്തില്‍ നിന്നു പിന്നോട്ടുപോവുകയായിരുന്നു. ഇതിനിടിയില്‍ നിരവധി തവണ കര്‍ണാടക വനംവകുപ്പ് അതിര്‍ത്തിയില്‍ പരിശോധനയും നടത്തി.
പ്രശ്‌നം പരിഹരിക്കാന്‍ ചിഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സംയുക്ത സര്‍വേയും പിന്നീടുണ്ടാവും. ഇരിട്ടി തഹസില്‍ദാര്‍ക്ക് പുറമെ ഹെഡ് സര്‍വേയര്‍ ടി പി മുഹമ്മദ് ഷെരീഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ലക്ഷ്മണന്‍, താലൂക്ക് സര്‍വേയര്‍ വി കെ സുരേഷ്, അയ്യന്‍കുന്ന് വില്ലേജ് ഓഫിസര്‍ നിരീഷ് കുമാര്‍, വിളമന വില്ലേജ് ഓഫിസര്‍ സിബിമാത്യു എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it