Pathanamthitta local

കൂടുതല്‍ തൊഴില്‍ നല്‍കി ഏഴംകുളം ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്

ഏഴംകുളം: തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കി ഏഴംകുളം ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്. മഹാത്മഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2017-18 സാമ്പത്തിക വര്‍ഷം ജില്ലയില്‍ 150 ദിവസം പൂര്‍ത്തീകരിച്ച തൊഴിലാളി കുടുംബങ്ങള്‍ ഏറെയുള്ളത് ഏഴംകുളം ഗ്രാമപഞ്ചായത്തിലാണ്. 157 തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്തില്‍ 150 ദിവസം തൊഴില്‍ ചെയ്തു.
100 മുതല്‍ 149 ദിവസം ജോലിചെയ്ത തൊഴിലാളികളുടെ എണ്ണം പഞ്ചായത്തില്‍ 663 ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,15,65,000 രൂപയുടെ പ്രവര്‍ത്തികളാണ് ഏഴംകുളം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തത്. ഇതില്‍ 7,13,000 രൂപയുടെ മെറ്റീരിയല്‍ വര്‍ക്കുകളും ചെയ്തു.
2420 തൊഴിലാളി കുടുംബങ്ങള്‍ക്കായി 1,89,761 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിയ്ക്കുവാന്‍ കഴിഞ്ഞു. ലേബര്‍ ബഡ്ജറ്റ് പ്രകാരം 95654 തൊഴില്‍ദിനങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. ലേബര്‍ ബഡ്ജറ്റിനെക്കാള്‍ 198 ശതമാനം തൊഴില്‍ നല്‍കുവാന്‍ സാധിച്ചു. ജലസംരക്ഷണ പ്രവര്‍ത്തികളാണ് ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ പ്രധാനമായും ഏറ്റെടുത്തത്. ഇതോടൊപ്പം കയര്‍ഭൂവസ്ത്രം വിരിച്ചുള്ള പ്രവര്‍ത്തികളും നടത്തി.
മഴക്കുഴി നിര്‍മ്മാണം, കുളങ്ങള്‍ നിര്‍മ്മാണം, കുളം പുനരുദ്ധാരണം, കിണര്‍ നിര്‍മ്മാണം, തോട് നവീകരണം, ഭൂമി തട്ട്തിരിക്കല്‍ എന്നീ പ്രവര്‍ത്തികളോടൊപ്പം കക്കൂസ് നിര്‍മ്മാണം, മണ്‍കയ്യാല, കല്ല് കയ്യാല, കാലിത്തൊഴുത്ത് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തികളും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുവാന്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 150 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ച തൊഴിലാളി കുടുംബങ്ങളെ പഞ്ചാത്ത് ഭരണസമിതി ആഭിനന്ദിച്ചു.





Next Story

RELATED STORIES

Share it