Flash News

കുഷ്ഠരോഗികള്‍ക്കു വിവേചനം: നിയമ വ്യവസ്ഥകള്‍ പിന്‍വലിക്കണം- കോടതി

ന്യൂഡല്‍ഹി: കുഷ്ഠരോഗികള്‍ക്കു നേരെ വിവേചനം ഉണ്ടാക്കുന്ന തരത്തിലുള്ള നിയമവ്യവസ്ഥകള്‍ നീക്കംചെയ്യണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സുപ്രിംകോടതി നിര്‍ദേശം നല്‍കി. വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി നല്‍കിയ റിട്ട് ഹരജിയില്‍ വാദംകേള്‍ക്കവേയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കാര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരം കുഷ്ഠം ബാധിച്ച വ്യക്തികളോടു മൗലികാവകാശങ്ങളുടെ ഗൗരവമായ ലംഘനം തുടരുകയാണ്.
കേന്ദ്ര, സംസ്ഥാന നിയമങ്ങളിലെ പുരാതനമായ 119 വിവേചനപരമായ വ്യവസ്ഥകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അവ നീക്കംചെയ്യണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഇക്കാര്യം അംഗീകരിച്ച കോടതി, ഇത്തരം ആളുകളുമായി ബന്ധപ്പെട്ട സാമൂഹിക ദുഷ്‌കീര്‍ത്തി ഒഴിവാക്കണമെന്നും ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ നിയമ പുസ്തകത്തില്‍ നിന്നു മാറ്റണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
കുഷ്ഠരോഗം ചികില്‍സിച്ചു ഭേദപ്പെടുത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു വൈകാരിക സമീപനം സ്വീകരിക്കുന്നതിനു സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.  വിഷയത്തില്‍ ആറാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കോടതി നിര്‍ദേശം നല്‍കി. കേസ് ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it