കുറ്റിപ്പുറത്ത് വീണ്ടും വെടിയുണ്ടകളും തോക്കിന്റെ ഭാഗങ്ങളും കണ്ടെടുത്തു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ വീണ്ടും വന്‍ ആയുധ ശേഖരം. 452 വെടിയുണ്ടകളും പോലിസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന റൈഫിളിന്റെ പാര്‍ട്‌സുകളും ഉള്‍പ്പെടെ 500 ഓളം സാധനങ്ങള്‍  കണ്ടെടുത്തു.  ഇന്നലെ ഉച്ചയോടെ തിരൂര്‍ ഡിവൈഎസ്പി പി ഉല്ലാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘംനടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.
കണ്ടെടുത്ത വെടിയുണ്ടകള്‍ സെല്‍ഫ് ലോഡിങ് തരത്തിലുള്ളവയാണ്. കൂടാതെ കുഴി ബോംബുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ട്യൂബ് ലോഞ്ചറുകള്‍, കേബിള്‍ കണക്ടറുകള്‍, തോക്കിന്റെ വിവിധ പാര്‍ട്‌സുകള്‍, ഇവ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന തുണി സഞ്ചികള്‍ എന്നിവയും കണ്ടെടുത്തു.  പാലത്തിന്റെ ആറാമത്തെ തൂണിനടുത്ത് വെള്ളത്തില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചാക്കില്‍ കെട്ടിയ അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു.
അതിന്റെ അന്വേഷണം ഊര്‍ജിതപ്പെടുത്തി വരുന്നതിനിടെയാണ് ഇന്നലെ വീണ്ടും ആയുധശേഖരം കണ്ടെത്തിയത്.  നേരത്തേ കണ്ടെടുത്ത മൈനുകള്‍ എങ്ങിനെ ഇവിടെ എത്തി എന്നതിന്റെ അന്വേഷണത്തിനായി ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ അഞ്ച് ടീമുകളായി വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തി വരുകയാണെന്ന് പാലക്കാട് എസ്പി എ പി പ്രതീഷ്‌കുമാര്‍ പറഞ്ഞു.
മൈനുകള്‍ മഹാരാഷ്ട്രയില്‍ നിര്‍മിച്ചവയാണെന്ന് വിദഗ്ധ പരിശോധനയില്‍ ബോധ്യപ്പെട്ടതായി എസ്പിയും തിരൂര്‍ ഡിവൈഎസ്പി ഉല്ലാസും പറഞ്ഞു.  സൂക്ഷ്മ പരിശോധന നടത്തിയാല്‍ മാത്രമെ വെടിയുണ്ടകളുടെ നിര്‍മാണ കേന്ദ്രം അറിയാനാവൂയെന്നും  ഇതിനായി വിദഗ്ധരുള്‍പ്പെട്ട അന്വേഷണ സംഘത്തെ ഉടന്‍ നിയമിക്കുമെന്നും എസ്പി പറഞ്ഞു. നേരത്തേ കണ്ടെത്തിയ മൈനുകളും ഇപ്പോള്‍ കണ്ടെത്തിയ ആയുധങ്ങളും ഇവിടെ എത്തിയതിനു പിന്നില്‍ ഒരേ സംഘമാണോ എന്നതും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it