wayanad local

കുറുവാദ്വീപ്: ആദിവാസി ജീവനക്കാര്‍ പട്ടിണിയില്‍

പുല്‍പ്പള്ളി: ഒക്ടോബര്‍ മാസത്തില്‍ തുറക്കാറുള്ള കുറുവാദ്വീപ് ഇതുവരെയും തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ഉപജീവനമാര്‍ഗമില്ലാതെ ആദിവാസി ജീവനക്കാര്‍. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുറുവ അടച്ചത് മുതല്‍ ഏഴു മാസത്തോളമായി ജോലിയൊന്നുമില്ലാത്ത അവസ്ഥയിലാണ് നാല്‍പതോളം വരുന്ന തൊഴിലാളികള്‍. കഴിഞ്ഞ സീസണില്‍ ആറുമാസം കൊണ്ട് രണ്ടുകോടി രൂപ വരുമാനമുണ്ടാക്കിക്കൊടുത്ത ജീവനക്കാര്‍ക്കാണ് ഈ ദയനീയ അവസ്ഥ. മഴക്കാലത്ത് തൊഴില്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും പാലിക്കാന്‍ തയ്യാറായിട്ടില്ല. തൊഴിലാളികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് റേഞ്ച് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തിയെങ്കിലും വനംവകുപ്പ് നടപടിയൊന്നും എടുക്കാന്‍ തയ്യാറാവുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം അനുവദിക്കുക, 12 മാസവും തൊഴില്‍സുരക്ഷ ഉറപ്പ് വരുത്തുക, ഇപിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ അനുവദിക്കുക, എട്ടു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി തീരുമാനിച്ചു. തുടര്‍ന്നും പരിഹാരമുണ്ടായില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ കലക്ടറേറ്റില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നു സമരസമിതി അറിയിച്ചു. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി പി അശോകന്‍, ടി ആര്‍ രാജന്‍, ടി ആര്‍ ബാബുരാജ്, മോഹനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it