thrissur local

കുറാഞ്ചേരിയില്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന്

വടക്കാഞ്ചേരി: 19 പേരുടെ ജീവനെടുത്ത കുറാഞ്ചേരി മലയോര മേഖലയില്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ ദുരന്തമുഖം സന്ദര്‍ശിച്ചതിനു ശേഷമാണ് ഇക്കാര്യം സൂചിപ്പിച്ചത്. മുന്‍പ് ഇവിടെ നീര്‍ച്ചാലുകള്‍ ഉണ്ടായിരിക്കുമെന്നും പിന്നീട് അതെല്ലാം അടഞ്ഞുപോയതാവാം ദുരന്തം ഇത്ര ഭീകരമാക്കിയതെന്നും സംഘം പറഞ്ഞു. കുത്തിയൊലിച്ചിറങ്ങിയ കല്ലും മണ്ണും പൂര്‍ണ്ണമായും നീക്കി പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
നിരവധി ജീവനുകള്‍ പൊലിയാന്‍ കാരണമായ ആഗസ്ത് 16 ലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെ പൂര്‍ണ്ണമായും തകര്‍ത്തിരുന്നു. പ്രദേശത്തെ പുനരധിവാസത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.
അതിനിടെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പ്രദേശവാസികളില്‍ ആശങ്ക പരത്തുകയാണ്. ജിയോളജിസ്റ്റുകളായ കേന്ദ്ര സംഘത്തിലെ ഹേനകുമാരി, കപില്‍ദേവ് കേരളത്തില്‍ നിന്നുമുള്ള ഡോ: എന്‍ സന്തോഷ് തുടങ്ങിയവരാണ് കുറാഞ്ചേരിയില്‍ സന്ദര്‍ശനത്തിയത്.
വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ തുടങ്ങിയ ജനപ്രതിനിധികളും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it