kasaragod local

കുമ്പഡാജെയില്‍ ബഡ്‌സ് സ്‌കൂള്‍: പ്രവര്‍ത്തനം തുടങ്ങാന്‍ തനതുഫണ്ടില്ല

അശോകന്‍ നീര്‍ച്ചാല്‍

ബദിയടുക്ക: തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം നടത്തികൊണ്ടുപോകുന്നത് ബാധ്യതയാകുന്നു. കുമ്പഡാജെ പഞ്ചായത്തിലാണ് ഒന്നരകോടി രൂപ ചെലവില്‍ ബഡ്‌സ് സ്‌കൂളിന് കെട്ടിടം പണിതത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത് പഞ്ചായത്തിന് കൈമാറും. ഇതോടെ ഇവിടെ നിയമിക്കുന്ന ജീവനക്കാരുടെയും ഭക്ഷണത്തിന്റെയും ചെലവ് എങ്ങനെ വഹിക്കുമെന്ന ആവലാതിയിലാണ് പഞ്ചായത്ത്.
ആകെ 1.70 ലക്ഷം രൂപ മാത്രമാണ് കുമ്പഡാജെ പഞ്ചായത്തിന് തനത് ഫണ്ടായുള്ളത്. തുച്ഛമായ വരുമാനം മാത്രമുള്ള പഞ്ചായത്തില്‍ നിത്യചെലവിന് പോലും ബുദ്ധിമുട്ടുകയാണ്. നബാര്‍ഡിന്റെ സഹായത്തോടെയാണ് ബഡ്‌സ് സ്‌കൂള്‍ സര്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്നത്. ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനം നടത്തണമെങ്കില്‍ വര്‍ഷത്തില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപയുടെ അധിക ചെലവ് വേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്. ബഡ്‌സ് സ്‌കൂള്‍ പഞ്ചായത്തിന് ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്ത് ഭരണ സമിതി ചെലവിന്റെ കാര്യം ആലോചിച്ചിരുന്നില്ല. ഫിസിയോ തെറാപ്പിസ്റ്റ്, രണ്ട് സ്‌പെഷ്യല്‍ എഡുക്കേഷന്‍ അധ്യാപികമാര്‍, നാല് ആയമാര്‍, ഒരു കുക്ക്, ഭക്ഷണ സാധനങ്ങള്‍, ആംബുലന്‍സ് ഡ്രൈവര്‍, വൈദ്യുതി ബില്‍ എന്നിവയ്ക്ക് കനത്ത സാമ്പത്തിക ചെലവാണ് വേണ്ടി വരുന്നത്. 62 സെന്റ് സ്ഥലത്ത് ഹാള്‍, നടുമുറ്റം, അടുക്കള, പരിശോധനാ മുറിയടക്കം 55 സെന്റ് സ്ഥലത്ത് കെട്ടിടമാണുള്ളത്. പഞ്ചായത്ത് പരിധിയിലുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളെ കൂടാതെ പുറത്ത് നിന്നുള്ളവര്‍ക്കും സ്‌കൂളില്‍ സൗകര്യം നല്‍കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും തനത് ഫണ്ടില്ലാതെ കഷ്ടപ്പെടുകയാണ് പഞ്ചായത്ത് അധികൃതര്‍.
സര്‍ക്കാറില്‍ നിന്നും സഹായം ലഭിച്ചില്ലെങ്കില്‍ എങ്ങനെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നറിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത് ഭരണസമിതി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ ഇവിടെ സര്‍ക്കാര്‍ അനുവദിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ശമ്പളം നല്‍കാനാവാത്തതിനാല്‍ ഓടുന്നില്ല. ആംബുലന്‍സ് ഇപ്പോള്‍ ഷെഡില്‍ കിടന്നു തുരുമ്പിക്കുന്ന സ്ഥിതിയിലാണ്.
അതിര്‍ത്തി പ്രദേശങ്ങളില്‍ ചില പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ കെട്ടിടങ്ങള്‍ പണിയുന്നതല്ലാതെ ഇത് ദുരിത ബാധിതര്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന അക്ഷേപമുണ്ട്. അതിര്‍ത്തി മേഖലയിലെ കുമ്പഡാജെയിലെ ബഡ്‌സ് സ്‌കൂളിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിച്ചാല്‍ മാത്രമേ ഈ പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഈ സ്‌കൂള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുവെന്നതാണ് നിലവിലെ സ്ഥിതി. ജില്ലയിലെ പല ബഡ്‌സ് സ്‌കൂളുകള്‍ക്കും സന്നദ്ധ സംഘടനകള്‍ സഹായം നല്‍കുന്നുണ്ടെങ്കിലും അതിര്‍ത്തി മേഖലയിലായതിനാല്‍ ഈ പ്രദേശത്ത് സന്നദ്ധ സംഘടനകളുടെ ശ്രദ്ധയും പണിയുന്നില്ല.
Next Story

RELATED STORIES

Share it