കുഫോസിന്റെ ഗവേഷണങ്ങള്‍ തീരദേശത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവണം: ഗവര്‍ണര്‍

കൊച്ചി: തീരദേശത്ത് താമസിക്കുന്ന ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കുന്നതാവണം കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷണങ്ങളെന്ന് സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഇന്ത്യയിലെ ആദ്യ ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയായ കുഫോസില്‍ അഞ്ചാമത് കോ ണ്‍വൊക്കേഷനില്‍ ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു കുഫോസ് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍.
തീരദേശത്തെ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ കുഫോസിലെ വിദ്യാര്‍ഥികള്‍ തയ്യാറാവണം. തലമുറകളായി തീരദേശജനത ആര്‍ജിച്ച വിജ്ഞാനം അവരില്‍ നിന്ന് നേടിയെടുക്കാന്‍ വിദ്യാര്‍ഥിസമൂഹം കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ എങ്ങനെ അതിനെ അഭിമുഖീകരിക്കണമെന്ന് തീരദേശത്തെ ജനങ്ങള്‍ പ്രളയകാലത്ത് കേരളത്തെ പഠിപ്പിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. 2017-18 വര്‍ഷം കുഫോസില്‍ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ 219 വിദ്യാര്‍ഥികള്‍ക്ക് ഗവര്‍ണര്‍ പി സദാശിവം ബിരുദങ്ങള്‍ സമ്മാനിച്ചു.
സംസ്ഥാന ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ ചാന്‍സലറുമായ ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കുഫോസിന്റെ നേതൃത്വത്തില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് 12 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഏഴുവര്‍ഷം മു മ്പ് രണ്ട് കോഴ്‌സുകളും 200ഓളം വിദ്യാര്‍ഥികളുമായി തുടങ്ങിയ കുഫോസില്‍ ഇപ്പോള്‍ ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ബിടെക്കും പരിസ്ഥിതിശാസ്ത്രത്തില്‍ എംഎസ്‌സിയും ഉള്‍പ്പെടെ രണ്ട് ബിരുദ കോഴ്‌സുകളും 34 ബിരുദാനന്തര ബിരുദ കോഴ്‌സുകളും 1000ലധികം വിദ്യാര്‍ഥികളുമുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it