Idukki local

കുപ്രസിദ്ധ മോഷ്ടാവ് കുതിര ഫിറോസ് പോലിസ് പിടിയില്‍

തൊടുപുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 43 മോഷണങ്ങള്‍ നടത്തിയ പാലക്കാട് കുളപ്പുള്ളി പറമ്പില്‍ വീട്ടില്‍ ഫിറോസ് (കുതിര ഫിറോസ്- 34) തൊടുപുഴ പോലിസിന്റെ പിടിയിലായി. തൊടുപുഴയില്‍ സെക്യൂരിറ്റി ജോലി—ക്കെന്ന വ്യാജേന മോഷണത്തിനുള്ള പദ്ധതി തയ്യാറാക്കി സ്വകാര്യ ലോഡ്ജില്‍ താമസിച്ചുവരുകയായിരുന്നു.
കഴിഞ്ഞ ശിവരാത്രി ദിവസം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെ മറ്റൊരു താമസക്കാരന്റെ പേഴ്‌സില്‍ നിന്ന് 8100 രൂപ മോഷണം പോയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് കേസുകളുടെ വിവരങ്ങള്‍ പുറത്തുവന്നത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, തെനങ്കുന്ന് ചര്‍ച്ച്, ജയ്‌റാണി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അടുത്ത കാലത്ത് നടന്ന മോഷണത്തിന് പിന്നില്‍ കുതിര ഫിറോസാണെന്ന് പോലിസ് പറഞ്ഞു. ഇന്നലെ ഇയാളെ സംഭവ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. പോലിസ് ഐജി സുരേഷ്‌രാജ് പുരോഹിതിന്റെ വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് 40,000 രൂപയും നാല് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചത് ഇയാളാണ്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം റൂറല്‍, കോട്ടയം ജില്ലകളില്‍ ഫിറോസിനെതിരെ കേസുണ്ട്. അഞ്ച് മാസം മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതാണെന്നാണ് പ്രതി പറയുന്നത്.
എന്നാല്‍, പോലിസിന്റെ അന്വേഷണത്തില്‍ 2017 ഫെബ്രുവരിയില്‍ ഇയാള്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മോഷണത്തിന് കൂട്ടുപ്രതികള്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തില്‍ എസ്‌ഐ വി സി വിഷ്ണുകുമാര്‍, എസ്‌ഐ ട്രെയ്‌നിമാരായ വിനോദ്കുമാര്‍, സുനില്‍, എസ്‌ഐ സുധാകരന്‍, സീനിയര്‍ സിപിഒ അരുണ്‍ സി ഗോവിന്ദ്, സിപിഒ ബിനോയി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it