Kottayam Local

കുപ്രസിദ്ധ മോഷ്ടാവ് കവര്‍ച്ചാ ഉപകരണങ്ങളുമായി പിടിയില്‍



വൈക്കം: പൊതുസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പട്ടണക്കാട് പാലക്കല്‍ ഓമനക്കുട്ടന്‍ എന്നു വിളിക്കുന്ന തിയ്യോ (50) ഇന്നലെ പുലര്‍ച്ചെ മോഷണം നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അടങ്ങിയ ബാഗുമായി വൈക്കം പോലിസിന്റെ പിടിയിലായി. മഴക്കാലമായതോടെ മോഷണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ഥിരം മോഷ്ടാക്കളെ നിരീക്ഷിക്കുന്നതിന് ജില്ലാ പോലിസ് മേധാവി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തിയോ പിടിയിലായത്. വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടക്കേനട ഗേള്‍സ് സ്‌കൂള്‍, വൈക്കം വെസ്റ്റ് മടിയത്ര സ്‌കൂള്‍, പുത്തന്‍പാലം ഗവ. സ്‌കൂള്‍, വെച്ചൂര്‍ സെന്റ് മൈക്കിള്‍സ്, ഉല്ലല എന്‍എസ്എസ്, വടയാര്‍ സെന്റ് ലൂയീസ് തുടങ്ങിയ സ്‌കൂളുകളിലും വെച്ചൂര്‍ കൃഷിഭവന്‍, വല്ലകം ആയുര്‍വേദ ആശുപത്രി, വല്ലകം കയര്‍ സൊസൈറ്റി, ഐസിഡിഎസ് ചാലപ്പറമ്പ്, ഉദയനാപുരം വില്ലേജ് ഓഫിസ്, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിഴക്കേനട ഗൗഡസാരസ്വത ക്ഷേത്രം എന്നിവിടങ്ങളിലും വടയാര്‍, ഇത്തിപ്പുഴ, നാനാടം, കൊതവറ, തോട്ടകം കള്ളുഷാപ്പുകളിലും വിവിധ സ്ഥലങ്ങളിലായി നിരവധി സ്റ്റേഷനറി കടകളിലും മോഷണം നടത്തിയിട്ടുണ്ട്. ഇയാള്‍ വൈക്കം, ചേര്‍ത്തല, അര്‍ത്തുങ്കല്‍, പട്ടണക്കാട്, മാരാരിക്കുളം, കുത്തിയതോട്, ആലപ്പുഴ സൗത്ത്, അരൂര്‍ പോലിസ് സ്റ്റേഷനുകളിലായി 50ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.   വൈക്കം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വൈക്കം വില്ലേജ് ഓഫിസിന് സമീപത്തു നിന്നാണ് സിഐ വി കെ ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം സാഹില്‍, പി കെ ജോളി, കെ നാസര്‍, പി ആര്‍ സുശീലന്‍, അനുമോദ് എന്നിവരടങ്ങിയ ഷാഡോ പോലിസ് സംഘം ഇയാളെ പിടികൂടിയത്.
Next Story

RELATED STORIES

Share it