Kollam Local

കുപ്രസിദ്ധ കുറ്റവാളികള്‍ അറസ്റ്റില്‍

കൊല്ലം:ജില്ലയില്‍ എക്‌സൈസ് സംഘം നടത്തിയ കഞ്ചാവ് വേട്ടയില്‍ കുപ്രസിദ്ധ കുറ്റവാളികള്‍ അറസ്റ്റില്‍.
നീണ്ടകര, ശാസ്താംകോട്ട, കൊട്ടിയം ഭാഗങ്ങളില്‍ കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളായ എഴുകോണ്‍ കോട്ടേക്കുന്ന് മുറിയില്‍ മേരി വിലാസം വീട്ടില്‍ സ്റ്റീഫന്‍, കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടം ദേശത്ത് സെറ്റില്‍മെന്റ് കോളനിയില്‍ നൗഷറുദ്ദീന്‍, നൗഷറുദ്ദീന്റെ ഭാര്യ ഷമീമ, ശക്തികുളങ്ങര കല്ലുപുറത്ത് ചേരിയില്‍ സരള സദനം വീട്ടില്‍ സത്യദാസന്‍ മകള്‍ രാഹിലത എന്നിവര്‍ അറസ്റ്റിലായി.
മുന്‍ കഞ്ചാവ് കേസുകളില്‍ പ്രതികളായി ഇപ്പോള്‍ ജാമ്യത്തില്‍ കഴിഞ്ഞു വരുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് സംഘം നീരീക്ഷിച്ചു വരികയായിരുന്നു. നൗഷറുദ്ദീനും ഭാര്യ ഷമീമയും കാറില്‍ രണ്ടര കിലോ കഞ്ചാവുമായി പോകവേ ചിറ്റുമല-ഭരണിക്കാവ് റോഡില്‍ പടിഞ്ഞാറേ കല്ലട കോയിയ്ക്കല്‍ ഭാഗത്ത് വച്ച് ശാസ്താംകോട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറും പാര്‍ട്ടിയും കൂടിയാണ് പിടികൂടിയത്.
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ സ്റ്റീഫന്‍ നീണ്ടകര ജോയിന്റ് ജങ്ഷനില്‍ കഞ്ചാവ് കൈമാറുന്നതിനായി നില്‍ക്കവേയാണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്. ഇക്കഴിഞ്ഞ നവംബര്‍ മാസം മാരുതി കാറില്‍ ഒരു കിലോ 110 ഗ്രാം കഞ്ചാവ് കടത്തിയ കുറ്റത്തിന് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞുവന്ന സ്റ്റീഫന്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികയായിരുന്നു.
കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപും പാര്‍ട്ടിയും കൂടിയാണ് സ്റ്റീഫനെ അറസ്റ്റ് ചെയ്തത്. കൊട്ടിയം സിതാര മുക്കില്‍ വാടകയ്ക്ക് താമസിച്ചു വരവേ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാഹിലത 300 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
കൊല്ലം ശക്തികുളങ്ങര സ്വദേശിയായ രാഹിലത തൃക്കടവൂര്‍ മതിലില്‍ ഭാഗത്തുള്ള വാടക വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരിയില്‍ അഞ്ച് കിലോ കഞ്ചാവുമായി അറസ്റ്റിലാവുകയും തുടര്‍ന്ന് ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയശേഷം രണ്ട് ആഴ്ച മുന്‍പ് കൊട്ടിയം സിതാരമുക്ക് ഭാഗത്ത് വീട് വാടകയ്ക്ക് എടുത്ത് താമസമാവുകയായിരുന്നു.
സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്‌കെ വിനോദ്കുമാറും സംഘവുമാണ് രാഹിലതയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ്, മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും രഹസ്യവിവരങ്ങളും കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷറുടെ 9496002862 എന്ന നമ്പരില്‍ അറിയിക്കണമെന്ന് എക്‌സൈസ് അറിയിച്ചു..
Next Story

RELATED STORIES

Share it