കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍

കണ്ണൂര്‍: ബ്ലാ്മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് തഞ്ചാവൂര്‍ പടുകൊട്ട മധുക്കൂറിലെ രാജപ്പനെ(33)യാണ് കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ സ്റ്റേഡിയം കോംപ്ലക്‌സിലെ ബിഗ്‌ബോസ് ടെയ്‌ലേഴ്‌സ് കടമുറി കുത്തിപ്പൊളിക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.
പ്രതിക്കെതിരേ കേരളത്തിലും തമിഴ്‌നാട്ടിലും നൂറോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. രണ്ടുമാസത്തിനിടെ എടക്കാട് പോലിസ് സ്‌റ്റേഷനിലും വയനാട് മീനങ്ങാടി സ്‌റ്റേഷനിലും രണ്ടുവീതവും കൊയിലാണ്ടി സ്‌റ്റേഷനില്‍ നാലും കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നു. തളിപ്പറമ്പ്, തലശ്ശേരി, ചക്കരക്കല്ല് സ്‌റ്റേഷനുകളിലെ മോഷണക്കേസുകളിലും രാജപ്പന്‍ പ്രതിയാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് എടക്കാട് ആഡൂര്‍ പാലത്തെ ഹനീഫയുടെ വീട്ടില്‍ നിന്ന് നാലുപവന്റെ മാലയും പിറ്റേന്ന് കുറ്റിക്കകത്തെ ഉഷയുടെ വീട്ടില്‍നിന്ന് ഒന്നര പവന്റെ മാലയും കവര്‍ന്നിരുന്നു.
2008ല്‍ തലശ്ശേരി പോലിസിന്റെ പിടിയിലായിരുന്നു. 18 കേസുകളാണ് അന്നുണ്ടായിരുന്നത്. ഈ കേസുകളില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ജനുവരി 27ന് പുറത്തിറങ്ങിയ രാജപ്പന്‍ വീണ്ടും മോഷണം തുടരുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. സിഐ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. പ്രതിയെ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it