thrissur local

കുന്നംകുളം നഗരസഭാ ബസ് സ്റ്റാന്റ് നിര്‍മാണം; കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

കുന്നംകുളം: നിര്‍ദിഷ്ട നഗരസഭ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കാനിരിക്കേ യുഡിഎഫിലെ ഒരു വിഭാഗം തടസ്സവാദങ്ങളുമായെത്തിയത് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി.
മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച് ഭരണാനുമതി ലഭിച്ച 4.35 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് യുഡിഎഫ് അംഗങ്ങള്‍ തടസ്സവാദങ്ങളുമായി രംഗത്തെത്തിയത്. നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് ഷോപ്പിങ്് കോംപ്ലക്‌സില്‍ ഭാഗികമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കി 7000 ചതുരശ്രയടിയുള്ള മൂന്ന് നിലകളോടുകൂടി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാണ് തീരുമാനം. നിലവിലുള്ള കെട്ടിടം പൂര്‍ത്തികരിക്കുന്നതിന് സ്ട്രക്ച്ചറല്‍ സ്റ്റബിലിറ്റി പരിശോധിക്കുന്നതിനായി നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
പൈല്‍ ലോഡ് ടെസ്റ്റില്‍ മുകളിലത്തെ നില പണിയുന്നതിന് ബലക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യുഡിഎഫിലെ ബിജു സി ബേബി, പി ഐ തോമസ്, ജെയ്‌സിങ്് കൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ ചേംബറിനടുത്തെത്തി അജന്‍ഡയുടെ കോപ്പി തട്ടിത്തെറിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതിനെ തുടര്‍ന്ന് അജന്‍ഡകള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ യോഗം പിരിച്ചുവിട്ടു. തടസ്സവാദങ്ങള്‍ ഉന്നയിച്ച് വികസനത്തെ അട്ടിമറിക്കാനാണ് യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ പി എം സുരേഷ്് പറഞ്ഞു.

Next Story

RELATED STORIES

Share it